ലഖ്നൗ: ലഖ്നൗവിലെ ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയുടെ മരണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കുടുംബം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കമലേഷ് തിവാരിയുടെ കുംടുംബം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. സംഭവ സമയം തിവാരിക്ക് സുരക്ഷ ഉണ്ടായിരുന്നില്ല. സുരക്ഷാ വീഴ്ചയെ കുറിച്ചും അന്വേഷണം വേണമെന്ന് ഭാര്യ കിരണ്‍ തിവാരി ആവശ്യപ്പെട്ടു. തിവാരിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക സമയത്ത് അക്രമികള്‍ ധരിച്ചിരുന്നെന്ന് കരുതുന്ന വസ്ത്രങ്ങള്‍ തിവാരിയുടെ വീടിന് സമീപത്തെ ഹോട്ടല്‍ മുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖുർഷിദാബാദിലെ സ്വവസതിക്ക് സമീപം വച്ച് കമലേഷ് തിവാരി വെടിയേറ്റു മരിച്ചത്. കാവി വേഷത്തിലെത്തിയ അക്രമികള്‍ മധുരം നല്‍കാനെന്ന വ്യാജേന ഓഫീസ് മുറിയില്‍ കയറി കമലേഷിനെ വെടി വെക്കുകയായിരുന്നു. നേരത്തെ കമലേഷിന്‍റെ മരണത്തിനു പിന്നില്‍ പ്രാദേശിക ബിജെപി നേതാവിന് പങ്കുള്ളതായി അദ്ദേഹത്തിന്‍റെ അമ്മ ആരോപണം ഉന്നയിച്ചിരുന്നു. പ്രദേശത്തെ ക്ഷേത്രത്തിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയില്‍ കലാശിച്ചതെന്നായിരുന്നു അമ്മയുടെ ആരോപണം.

2015ല്‍ കമലേഷ് തിവാരി പ്രവാചകനെ അധിക്ഷേപിച്ച് സംസാരിച്ചത് വിവാദമായിരുന്നു. തുട‍ന്ന് എന്‍എസ്എ നിയമം ചുമത്തി അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് അലഹാബാദ് ഹൈക്കോടതി എന്‍എസ്എ ചുമത്തിയതില്‍ നിന്ന് ഇയാളെ ഒഴിവാക്കി. 2017ലാണ് തിവാരി ഹിന്ദുസമാജ് പാർട്ടി രൂപീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് ആറു പേർ നേരത്തെ പൊലീസ് പിടിയിലായിരുന്നു. കൊലപാതകത്തെ തുടർന്ന് സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.