കണ്ണൂര്‍: കണ്ണപുരം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശിവൻ ചോടോത്തിന് എതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്ക് പോസ്റ്റിട്ട  ആർഎസ്എസ്  പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു.  പടുവിലായി സ്വദേശി സായൂജ് ശ്രീറാമിന്‍റെ പേരിലാണ് പൊലീസ് കേസെടുത്തത്. മുൻപ് മട്ടന്നൂർ സ്വദേശിയായ പൊലീസുകരനെതിതരെ ഫേസ്ബുക്കിൽ വധ ഭീഷണി മുഴക്കിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സായൂജിന്‍റെ പേരിൽ നിരവധി ക്രിമിനൽ  കേസുണ്ടെന്നും  പൊലീസ് പറഞ്ഞു. 

കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നില്‍ രണ്ട് ദിവസം മുന്നെ ബിജെപിയുടെ ധര്‍ണ നടന്നിരുന്നു. പൊലീസ് സിപിഎമ്മിനെ സഹായിക്കുകയാണെന്നാരോപിച്ചായിരുന്നു സമരം. സമരത്തിനെത്തിയ പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത് പൊലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്റ്റേഷന് മുന്നിൽ നടന്ന ധര്‍ണ്ണയില്‍ ആർഎസ്എസ് പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചത് വിവാദമായിരുന്നു . സിപിഎം പ്രവർത്തകരെ വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളുമെന്നും, വീട്ടിൽ കയറി വെട്ടുമെന്നും ആർഎസ്എസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് പൊലീസുകാരുടെ സാന്നിധ്യത്തിലാണ്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂർ കണ്ണപുരത്ത് സിപിഎം - ബിജെപി സംഘർഷം തുടർക്കഥയാണ്. ഒരു ബിജെപി പ്രവർത്തകന്‍റെ വീടാക്രമിച്ചു എന്ന ആരോപണത്തിൽ നിന്നാണ് തുടക്കം. തുടർന്ന് ചില ബിജെപി പ്രവർത്തകർ സിപിഎം പ്രവർത്തകരിലൊരാളുടെ ബൈക്ക് തടഞ്ഞു. അതിന് ശേഷം ഒരു ബിജെപി നേതാവിന്‍റെ ബൈക്ക് കത്തിച്ചിരുന്നു. ഇതിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെതിരെ ബിജെപി പ്രവർത്തകർ എസ്‍പിക്ക് പരാതി നൽകിയിരുന്നു. 

Read More: 'സിപിഎമ്മുകാരെ വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളും', കണ്ണൂരിൽ ആർഎസ്എസ്സിന്‍റെ കൊലവിളി മുദ്രാവാക്യം 

എന്നാല്‍ പരാതി നല്‍കിയിട്ടും നടപടിയുമുണ്ടായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവർത്തകർ കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്‍റാണ് ഈ ധർണ ഉദ്ഘാടനം ചെയ്തത്. പൊലീസിന് സിപിഎം ചായ്‍വാണെന്നും, സിപിഎം പ്രവർത്തകർ പങ്കെടുത്ത അക്രമങ്ങളിൽ കേസ് റജിസ്റ്റർ ചെയ്യുന്നില്ലെന്നുമായിരുന്നു ആരോപണം. ഇതിലുണ്ടായിരുന്ന ആർഎസ്എസ് പ്രവർത്തകർ വിളിച്ച മുദ്രാവാക്യം ഏറ്റുവിളിക്കുകയായിരുന്നു ധർണയിൽ പങ്കെടുത്തവർ. ഇതിന് പിന്നാലെയാണ് കണ്ണപുരം സിഐ ശിവൻ ചോടോത്തിന് എതിരെ വധഭീഷണി മുഴക്കി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.