കണ്ണൂര്‍:  തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തുടക്കവും ഒടുക്കവും ഫേസ്ബുക്കില്‍. കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ കൊന്ന ശരണ്യയെ വ്യാഴാഴ്ച തെളിവെടുക്കാന്‍ കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് എത്തിച്ചപ്പോള്‍ നാട്ടുകാരും വീട്ടുകാരും വൈകാരികമായാണ് പ്രതികരിച്ചത്. വീട്ടിലെത്തിച്ച ശരണ്യയ്ക്ക് നേരെ പാഞ്ഞടുത്ത പിതാവ് പിന്നീട് വീടിനകത്ത് കുഴഞ്ഞു വീണു. വീടിനകത്തും പിന്നെ കടപ്പുറത്തും തെളിവെടുപ്പിന് എത്തിച്ച ശരണ്യയ്ക്ക് നേരെ അസഭ്യ വര്‍ഷവുമായി നാട്ടുകാരും ബന്ധുക്കളും എത്തി. 

സംഭവങ്ങളില്‍ ഫേസ്ബുക്ക് ബന്ധപ്പെട്ട് കിടക്കുന്നത് ഇങ്ങനെ.  ഫെയ്സ്ബുക് വഴിയാണു ശരണ്യയും ഭര്‍ത്താവ് പ്രണവും പരിചയപ്പെടുന്നത്. ഇത് പ്രണയമായി. എന്നാല്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവര്‍ ആയതിനാല്‍ ഇരുവരുടെയും വീട്ടുകാര്‍ എതിര്‍ത്തു.  എന്നാല്‍ ശരണ്യയ്ക്കു പതിനെട്ടു വയസ്സു പൂർത്തിയായി ദിവസങ്ങൾക്കുള്ളില്‍ ഇരുവരുടെയും വിവാഹം നടന്നു. എന്നാല്‍ വിവാഹശേഷം ഇരുവരും അകലാന്‍ തുടങ്ങി. സ്വന്തം വീട്ടിലാണ് ശരണ്യ പലപ്പോഴും കഴിഞ്ഞിരുന്നത്. 

ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്‍റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പ്രണയത്തിലായ ശരണ്യയെ വിവാഹം കഴിക്കാം എന്ന് കാമുകന്‍ വാഗ്ദാനം നല്‍കിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മകനെ ഉപേക്ഷിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെ ഫേസ്ബുക്ക് ചാറ്റ് ഹിസ്റ്ററി പൂര്‍ണ്ണമായും ശരണ്യയുടെ ഫോണില്‍ നിന്നും പൊലീസിന് ലഭിച്ചു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ ശരണ്യയെ 17 തവണയാണ് കാമുകന്‍ വിളിച്ചത്.

കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രഥമിക കണ്ടെത്തല്‍ എങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം എന്ന് അറിയുന്നു. ഭർത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് ആവർത്തിച്ച് പറഞ്ഞിരുന്നത്. എന്നാൽ ശാസ്ത്രീയ തെളിവുകൾ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് കേസ് തെളിയിച്ചത്. കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ കൊന്നുവെന്ന് ശരണ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.

ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്‍റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. 'ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഒരു തെളിവ്' എല്ലാ കുറ്റവാളികളും ബാക്കിവയ്ക്കുമെന്ന് പൊലീസ് വിശേഷിപ്പിക്കുന്നതുപോലെ, ഈ കേസില്‍ ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളം ആ തെളിവാകുകയായിരുന്നു. ഒടുവില്‍ ഫേസ്ബുക്കില്‍ തുടങ്ങിയത് ഫേസ്ബുക്കിലൂടെ തന്നെ ഒരു ദുരന്തമായി മാറി.