മംഗലുരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് പിടികൂടി. ഇവർ അഞ്ച് പേരും തുടർച്ചയായി 17കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് വന്നിരുന്നുവെന്നും ഇപ്പോൾ പെൺകുട്ടി ആറ് മാസം ഗർഭിണിയാണെന്നുമാണ് വിവരം.

ഐപിസി 376, 506 വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

ആശ വർക്കർമാരാണ് സംഭവം പുറത്തെത്തിച്ചത്. ഇവരോട് പെൺകുട്ടി താനനുഭവിക്കുന്ന ജീവിതദുരിതം പൂർണ്ണമായി പങ്കുവച്ചു. അഞ്ച് പ്രതികളുടെയും പേര് വിവരങ്ങളും പെൺകുട്ടി കൈമാറി.

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞുനിൽക്കുന്ന പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് ബന്ധുവായ ഗണേഷാണ്. ഇയാൾ പെൺകുട്ടിയെ സുബ്രഹ്മണ്യ എന്ന സുഹൃത്തിനും കൈമാറി. ഇയാൾ രണ്ട് ദിവസത്തോളം പീഡിപ്പിച്ചു. പിന്നീട് പലയിടത്തായി ഈ പ്രതികളും മറ്റ് മൂന്ന് പേരും കൂടെ ചേർന്ന് പലപ്പോഴായി പെൺകുട്ടിയെ പീഡിപ്പിച്ചു.

സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

ദക്ഷിണ കന്നഡ ജില്ലയിൽ തന്നെ ദിവസങ്ങൾക്ക് മുൻപാണ് കോളേജ് വിദ്യാർത്ഥിനിയായ ദളിത് പെൺകുട്ടിയെ, ഇതോ കോളേജിൽ പഠിക്കുന്ന അഞ്ച് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തത്. ഇതിന്റെ വീഡിയോ പകർത്തിയ പ്രതികൾ ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.