കൊച്ചി: നയതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എമിറേറ്റ്സ് വിമാന കമ്പനിയുടെ ജീവനക്കാരെ ചോദ്യം ചെയ്യും. ഫൈസല്‍ ഫാരിദ് ഹാജരാക്കിയ, അറ്റാഷെയുടെ വ്യാജ കത്തിന്‍റെ അടിസ്ഥാനത്തില്‍ ബാഗ് കയറ്റി അയച്ചതിനെ കുറിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ മാനേജരുടെ മൊഴിയാണ് ആദ്യം എടുക്കുക. 

ഇതിനിടെ ജ്വല്ലറി മേഖലക്ക് പിന്നാലെ , ഫൈസല്‍ ഫാരിദും സംഘവും ഹവാല പണം മുടക്കിയ മലയാള സിനിമകളെകുറിച്ചും അന്വേഷണം തുടങ്ങി. കോണ്‍സുലേറ്റിലേക്ക് സാധനങ്ങള്‍ അയക്കാന്‍ അറ്റാഷെ തന്നെ ചുമതലപ്പെടുത്തുന്ന കത്ത് , ഫൈസല് ഫാരിദ് ദുബൈ വിമാനത്താവളത്തില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കോണ്‍സുലേറ്റിന്‍റെ മുദ്രയോ ഒപ്പോ ഉണ്ടായിരുന്നില്ല. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് ബാഗ് അയച്ചതെന്നാണ് എമിറേറ്റ്സ് വിമാനക്കന്പനി ജീവനക്കാരോടുള്ള കസ്റ്റംസിന്‍റെ ചോദ്യം. 

ഇതിന്‍റെ ആദ്യപടിയായി വിമാനക്കമ്പനിയുടെ തിരുവനന്തപുരത്തെ എയര്‍പ്പോര്‍ട്ട് മാനേജരുടെ മൊഴിയെടുക്കും.മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് , സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ സരിത് കൊണ്ട് വന്ന വേ ബില്ലും അറ്റാഷെയുടെ കത്തും ചട്ടപ്രകാരമുള്ളതല്ലെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജൂണ്‍ 30 ലെ കടത്ത് പൂര്‍ണമായും വ്യാജരേഖകള്‍ ചമച്ചായിരുന്നുവെന്നാണ് കണ്ടെത്തല്‍. 

ഇതിനിടെ, ജ്വല്ലറി മേഖലക്ക് പുറമേ. കള്ളകടത്ത് റാക്കറ്റ്,മലയാള സിനിമാ രംഗത്ത് പണം നിക്ഷേപിച്ചതിനെക്കുറിച്ചും അന്വേഷണം തുടങ്ങി. ഫൈസല്‍ ഫാരിദും സംഘവും ഹവാല പണം ചെലവിട്ട് നിര്‍മ്മിച്ച നാല് സിനിമകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയും ഇതിലുള്‍പ്പെടും. ഈ സിനിമകള്‍ക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റും അന്വേഷിക്കുന്നുണ്ട്.