Asianet News MalayalamAsianet News Malayalam

പറ്റിക്കപ്പെട്ടാലും പഠിക്കാത്ത മലയാളി, തട്ടിപ്പിന്‍റെ സൈബ‍ർവഴികൾ; പൂട്ടിടാൻ പുതിയസംഘം, ഇനി പുതുവഴി അന്വേഷണം

സാങ്കേതിക വിദ്യവികസിച്ചതോടെ തട്ടിപ്പിന്‍റെ സ്വഭാവം മാറി. പണമിടപാടുകള്‍ ഡിജിറ്റിലേക്ക് മാറിയതോടെ സൈബർ തട്ടിപ്പ് സംഘങ്ങളുമെത്തി. രഹസ്യ പാസ് വേഡുകള്‍ ചോർത്തി ഉപഭോക്താവ് പോലുമറിയാതെ അക്കൗണ്ടിൽ നിന്നും പണം ചോർത്തും

kerala police start new cyber crime economic crime investigation team
Author
Thiruvananthapuram, First Published May 18, 2022, 7:07 PM IST

സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. ചിട്ടികമ്പനി തട്ടിപ്പും, ബ്ലെയ്ഡ്കാരുടെ ചൂഷണവും, വിസ തട്ടിപ്പും, നോട്ടിരട്ടിപ്പുമൊക്കെയായിരുന്നു ഒരുകാലത്ത് കേരള പൊലീസ് അന്വേഷിച്ചിരുന്ന വലിയ സാമ്പത്തിക തട്ടിപ്പുകള്‍. സാങ്കേതിക വിദ്യവികസിച്ചതോടെ തട്ടിപ്പിന്‍റെ സ്വഭാവം മാറി. പണമിടപാടുകള്‍ ഡിജിറ്റിലേക്ക് മാറിയതോടെ സൈബർ തട്ടിപ്പ് സംഘങ്ങളുമെത്തി. രഹസ്യ പാസ് വേഡുകള്‍ ചോർത്തി ഉപഭോക്താവ് പോലുമറിയാതെ അക്കൗണ്ടിൽ നിന്നും പണം ചോർത്തും. ലോട്ടറി അടിച്ചെന്നും, വിദേശത്തുനിന്നും സമ്മാനങ്ങളെത്തിയെന്നും വാദഗ്ദാനം ചെയ്ത ഉത്തരേന്ത്യൻ സംഘങ്ങള്‍ ഇപ്പോഴും മലയാളികളെ പറ്റിക്കുന്നു. പറ്റിപ്പിനായി സൈബർ സംഘത്തിന്‍റെതായി എത്രയോ ആപ്പുകള്‍. ഉത്തരേന്ത്യയിലിരുന്ന നൈജീരിയൻ സംഘങ്ങളുടെ കെണിയിൽ ദിവസവും മലയാളികള്‍പ്പെടുന്നുണ്ട്. കൊവിഡ് കാലത്ത് ആപ്പുകള്‍ മുഖേന ചൂഷണം ചെയ്യപ്പെട്ടത് നൂറുകണിക്കിന് മലയാളികളാണ്. പണം തിരിച്ചടവ് മുടങ്ങിയാൽ കടം വാങ്ങിയവരെ നവമാധ്യമങ്ങള്‍ വഴി സൈബർ ക്വട്ടേഷൻ സംഘങ്ങള്‍ തേജോവധം ചെയ്യുന്നു.

എത്ര പറഞ്ഞിട്ടും, എത്ര പഠിപ്പിച്ചിട്ടും മലയാളി പഠിക്കുന്നില്ല. കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ഒരാളെ വിശ്വസിച്ച് സൈബർ വലയത്തിൽപ്പെട്ട് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവർ നിരവധിയാണ്. പിടിച്ചുപറിയും കഞ്ചാവ് വിൽപ്പനയും നടത്തി പണമുണ്ടാക്കുന്നവരെക്കാള്‍ അപകടകാരികളായി മാറുകയാണ് ഏതോ ലോകത്തിരുന്ന് മനുഷ്യന്‍റെ സമ്പാദ്യം മുഴുവൻ ഊറ്റിയെടുക്കുന്ന സൈബർ ക്വട്ടേഷൻ സംഘങ്ങള്‍. ഒരു വശത്ത് സൈബർ തട്ടിപ്പുകളാണെങ്കിൽ മറുഭാഗത്ത് പണിടപാട് സ്ഥാപനങ്ങളാണ് വൻ തട്ടിപ്പ് നടത്തുന്നത്. ഇരട്ടിപ്പണം കിട്ടാനുള്ള ആഗ്രഹത്തിൽ സ്വകാര്യ പണിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തും, പൊട്ടിപോകുന്ന സ്ഥാപനങ്ങളിൽ നിന്നും നയാ പൈസ കിട്ടാതെ കേസുമായി പലരും അലയുന്നു. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളായ ടോട്ടൽ ഫോർ യു മുതൽ പോപ്പുലർ ഫിനാൻസ് വരെ പരിശോധിച്ചാൽ ഒന്നുമെത്താതെയാണ് കേസന്വേഷണങ്ങള്‍ നിൽക്കുന്നതെന്ന് വ്യക്തമാകും. കേരളത്തെ പിടിച്ചുലച്ച സോളാർ തട്ടിപ്പ് കേസിലും ഇപ്പോഴും വിചാരണ പൂർത്തിയായിട്ടില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെടുന്നവ‍ർക്കെതിരെ അന്വേഷണം പൂ‍ർത്തിയാക്കി കടുത്ത ശിക്ഷ വാങ്ങി നൽകുന്നതിലെ കാലതാമസവും, അന്വേഷണത്തിലെ പിഴവും കുറ്റകൃത്യങ്ങള്‍ കൂടാൻ കാരണമാകുന്നു. ഇതൊക്കെ കൂടാതെ സഹകരണ സംഘങ്ങളും തട്ടിപ്പ് സംസ്ഥാനത്തും വർദ്ധിക്കുകയാണ്.

ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചിലെ ഒരു വിഭാഗവും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. പക്ഷെ തട്ടിപ്പിന്‍റെ രൂപവും ഭാവവും മാറിയതോടെ പ്രൊപഷണലായി സാമ്പത്തിക തട്ടിപ്പും സൈബർ തട്ടിപ്പും അന്വേഷിക്കുന്ന പ്രത്യേക വിഭാഗവും വേണമെന്ന് ഡിജിപി ശുപാർശ ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു ഐജിയുടെ നേതൃത്വത്തിൽ സാമ്പത്തിക തട്ടിപ്പിനായി പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചത്.

എന്താണ് പ്രത്യേക സാമ്പത്തിക കുറ്റന്വേഷണ വിഭാഗം

സാമ്പത്തിക - സൈബർ തട്ടിപ്പുകളുടെ അന്വേഷണത്തിൽ മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പുതിയ സംഘം. ലോക്കൽ പൊലീസ് അന്വേഷിക്കുന്ന മൂന്നു കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍, ലക്ഷങ്ങള്‍ തട്ടിയെടുത്ത സൈബർ കുറ്റകൃത്യങ്ങളും ഉടൻ പ്രത്യേക സംഘത്തിന് കൈമാറാനാണ് നിർദ്ദേശം. നിലവിൽ 1300 സാമ്പത്തിക തട്ടിപ്പു കേസുകള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിന് പുറമേ കൂടുതൽ കേസുകള്‍ ഈ പ്രത്യേക സംഘത്തിന് കൈമാറും. ഐജിക്കു കീഴിൽ നാലു സോണുകളിലായി നാല് എസ്പിമാരുണ്ടാകും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ റെയ്ഞ്ചുകളിൽ സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കാൻ മാത്രം എസ്പിമാരുണ്ടാകും. ഇവരുടെ കീഴിൽ 11 ഡിവൈഎസ്പിമാരും, 19 ഇൻസ്പെക്ടർമാരുമുണ്ട്. 233 പുതിയ തസ്തികളാണ് പ്രത്യേക സംഘത്തിനായി പുതുതായി രൂപീകരിച്ചത്. വലിയ സാമ്പത്തിക തട്ടിപ്പുകള്‍ പുറമേ ബാങ്കിംഗ് - സൈബർ തട്ടിപ്പുകളുമെല്ലാം പ്രത്യേക വിഭാഗം അന്വേഷിക്കും. നിലവിൽ അന്വേഷിക്കുന്ന കേസുകളിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനും പ്രത്യേക സംഘത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. 

പ്രത്യേക സാമ്പത്തിക കുറ്റന്വേഷണ വിഭാഗത്തിന്‍റെ ലക്ഷ്യം വ്യക്തമാക്കി മുഖ്യമന്ത്രി

സാക്ഷരതയിൽ മുന്നിലാണെങ്കിലും മലയാളികള്‍ ഭൂരിപക്ഷവും ഓണ്‍ ലൈൻ തട്ടിപ്പിന് ഇരയാകുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള പ്രത്യേക സംഘം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടികാട്ടിയത്. ഇത് മലയാളികളെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യമാണ്. എത്ര മുന്നറിയിപ്പ് നൽകിയിട്ടും മലയാളികള്‍ ഈ ചതിക്കുഴിയിൽ വീഴുന്നുവെന്നത് ഗൗരവമായ കാര്യമാണ്. രാഷ്ട്രീയ നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതടക്കം മുഖ്യമന്ത്രി ചൂണ്ടികാട്ടി. രേഖകളൊന്നുമില്ലാതെ വായ്പ നൽകുന്ന സൈബർ തട്ടിപ്പ് സംഘങ്ങളുടെ ചതിയിലും മലയാളിപ്പെടുന്നുണ്ട്. ഇത്തരം തട്ടിപ്പുകള്‍ ആവർത്തിക്കരുതെന്ന സർക്കാരിന് നിർബന്ധമുണ്ടെന്നും അതുകൊണ്ടാണ് പ്രത്യേക സാമ്പത്തിക കുറ്റന്വേഷണ വിഭാഗത്തിന് രൂപം കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios