അഞ്ച് വയസുകാരിയോട് രണ്ടാനച്ഛൻ ചെയ്ത ക്രൂരതകൾ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പിഞ്ചു കുഞ്ഞിന്റെ ദേഹത്ത് കണ്ടെത്തിയത് അറപതോളം മുറിവുകളാണ്. കത്തി കൊണ്ട് ആഴത്തിൽ കുത്തികീറിയ പാടുകൾ, പലപ്പോഴായി തീ കൊണ്ട് പൊള്ളിച്ച പാടുകളൊക്കെ ശരീരത്തിലുണ്ട്

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ അഞ്ച് വയസുകാരിയെ മർദ്ദിച്ച് കൊന്ന കേസിൽ രണ്ടാനച്ഛനെ റിമാന്‍ഡ് ചെയ്തു. തമിഴ്നാട് സ്വദേശിയായ കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പത്തനംതിട്ട നഗരസഭ ഏറ്റെടുത്ത് സംസ്കരിച്ചു. അതേസമയം, കൊലപാതകത്തിൽ അമ്മയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അച്ഛനും രംഗത്തെത്തി.

അഞ്ച് വയസുകാരിയോട് രണ്ടാനച്ഛൻ ചെയ്ത ക്രൂരതകൾ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പിഞ്ചു കുഞ്ഞിന്റെ ദേഹത്ത് കണ്ടെത്തിയത് അറപതോളം മുറിവുകളാണ്. കത്തി കൊണ്ട് ആഴത്തിൽ കുത്തികീറിയ പാടുകൾ, പലപ്പോഴായി തീ കൊണ്ട് പൊള്ളിച്ച പാടുകളൊക്കെ ശരീരത്തിലുണ്ട്. കുട്ടിയെ ലൈംഗികമായി രണ്ടാനച്ഛന്‍ പീഡിപ്പിച്ചിരുന്നു.

മദ്യത്തിനും കഞ്ചാവിനും അടിമയായ പ്രതി സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കുമെന്നാണ് അമ്മയുടെ മൊഴി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കോട്ടയം മെഡിക്കൽ കോളജിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആദ്യം സ്വദേശമായ രാജപാളയത്തേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചെങ്കിലും പീന്നീട് പത്തനംതിട്ട നഗരസഭ ഏറ്റെടുത്ത് മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കരിച്ചു. മരണവിവരം അറിഞ്ഞെത്തിയ കുട്ടിയുടെ അച്ഛൻ കൊലപാതകത്തിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ചു.

തന്റെയൊപ്പം തമിഴ്നാട്ടിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെ ബലമായി കടത്തികൊണ്ട് വരുകയായിരുന്നെന്നും അച്ഛൻ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹത്തിനരികൽ പ്രതിയെ മദ്യലഹരിയിൽ ബോധമില്ലാത്ത നിലയിലും കണ്ടെത്തി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസിൽ എത്തി കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടു പോകും ഇയാൾ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്ത് രക്ഷപെടാൻ ശ്രമിച്ചു. പൊലീസ് വിലങ്ങ് ഇട്ട് ലോക്കപ്പിലാക്കിയെങ്കിലും രാത്രിയിൽ പ്രതി പൊലീസിനെ കബളിപ്പിച്ച് സ്റ്റേഷനിൽ നിന്ന് കടന്നു കളഞ്ഞു. രാത്രി മുഴുവൻ പൊലീസുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിൽ കുമ്പഴയിലെ ചതുപ്പിൽ നിന്നാണ് പ്രതിയെ വീണ്ടും പിടികൂടിയത്. പ്രതി രക്ഷപെടുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും സസ്പെൻഡ് ചെയ്തു.