Asianet News MalayalamAsianet News Malayalam

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസിൽ കീഴടങ്ങാനെത്തി പ്രതി, കസ്റ്റഡിയിലെടുത്ത് പൊലീസ്

അബ്ദുൾ സലാമാണ് കീഴടങ്ങാനെത്തിയത്. നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഏഴംഗസംഘത്തിലെ ഒരാളാണിത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി ഏഷ്യാനെറ്റ് ന്യൂസിനോട് രാവിലെ പ്രതികരിച്ചു.

kochi blackmailing case fifth accused surrenders in court
Author
Kochi, First Published Jun 26, 2020, 12:00 PM IST

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കീഴടങ്ങാനെത്തിയ പ്രതിയെ കോടതി വരാന്തയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല. അതിനാൽ കോടതി വരാന്തയിൽ അഭിഭാഷകനൊപ്പം കാത്തുനിൽക്കുകയായിരുന്ന ഇയാളെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇനി പുറത്ത് നിന്നിട്ട് കാര്യമില്ല എന്ന് കണ്ടതിനാൽ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ കേസിൽ പൊലീസ് പിടിയിലാവുന്നവരുടെ എണ്ണം അഞ്ചായി.

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ ഇത് വരെ നാല് പ്രതികളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരുന്നത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. 

എന്നാൽ കേസിൽ കൂടുതൽ പേർ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നതാണ്. ഷംനാ കാസിമിന്‍റെ പരാതി പുറത്തുവന്നതിന് പിന്നാലെ യുവമോഡൽ അടക്കമുള്ളവർ പരാതിയുമായി വീണ്ടും രംഗത്തെത്തിയിരുന്നു. ഈ രണ്ട് കേസുകളിലുമായി പത്ത് പ്രതികളാണുള്ളതെന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം. കേസിൽ മുഖ്യപ്രതികൾ ഇനിയും കീഴടങ്ങാനുണ്ട്. 

ബ്ലാക്മെയിലിംഗ് കേസിൽ പ്രതികൾക്കെതിരെ ഇന്ന് പൊലീസ് മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയിരുന്നു. യുവതികളെ ജോലിക്ക് കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്ന പരാതിയിൽ പുതിയ മൂന്ന് കേസ് കൂടി രജിസ്റ്റർ ചെയ്തു. യുവ മോഡൽ അടക്കം നൽകിയ പരാതിയിലാണ് കേസ്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം തന്നെയാണ്  സ്വർണ കടത്തിന് നിർബന്ധിച്ചതെന്നു  യുവതികൾ ആരോപിച്ചിരുന്നു. പ്രതികൾ സ്വർണമാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികൾ പരാതിപ്പെട്ടിരുന്നു. നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിലെ പ്രതികൾ വൻ സ്വർണ്ണക്കടത്ത് സംഘമാണെന്നായിരുന്നു യുവമോഡലിന്‍റെ വെളിപ്പെടുത്തൽ. മോഡലിംഗിനായി പാലക്കാട്ടേയ്ക്ക് വിളിച്ച് വരുത്തി സ്വർണ്ണക്കടത്തിനായി പ്രേരിപ്പിച്ചെന്നും എട്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

മോഡലിംഗ് അവസരമുണ്ടെന്ന് ഒരു കൂട്ടുകാരി പറഞ്ഞത് അനുസരിച്ചാണ് പാലക്കാട്ടെത്തിയതെന്നും സ്ഥലത്തെത്തിയതും റെഫീക്ക് ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഭീഷണി തുടങ്ങിയെന്നുമാണ് യുവമോഡലിന്‍റെ പരാതിയിൽ പറയുന്നത്. സ്വർണ്ണക്കടത്തിന്  ആഡംബര വാഹനത്തിൽ  അകമ്പടി പോകണമെന്നായിരുന്നു സംഘത്തിന്‍റെ ആവശ്യം. വഴങ്ങാതെ വന്നതോടെ തന്നെയടക്കം അവിടെ എത്തിയ എട്ട് പെൺകുട്ടികളെയും ഒരാഴ്ചയിലധികം മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. 

മാർച്ച് 4-ന് പെൺകുട്ടി കൊച്ചിയിലെത്തി നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഷംനാ കേസിൽ പ്രതികൾ അറസ്റ്റിലായതോടെയാണ് ഈ പെൺകുട്ടികൾ വീണ്ടും പൊലീസിനെ സമീപിച്ചത്.

Follow Us:
Download App:
  • android
  • ios