Asianet News MalayalamAsianet News Malayalam

കൂടത്തായി: സിലിയെ കൊന്ന കേസിലും മാത്യു പ്രതി; അറസ്റ്റ് വൈകില്ല

  • റോയ് വധക്കേസിൽ റിമാന്റിൽ കഴിയുന്ന മാത്യുവിനെ സിലി വധക്കേസിലും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു
  • ജോൺസൺ പുതുപ്പാടി സഹകരണ ബാങ്കിൽ പണയം വച്ചത് സിലിയുടെ സ്വർണ്ണമാണെന്ന് കണ്ടെത്തിയിരുന്നു
Koodathai Sili murder Mathew to be arrested soon
Author
Koodathai, First Published Oct 26, 2019, 12:23 PM IST

കോഴിക്കോട്: കൂടത്തായിയിൽ സിലിയെ കൊലപ്പെടുത്തിയ കേസിലും മാത്യു പ്രതി. റോയ് വധക്കേസിൽ റിമാന്റിൽ കഴിയുന്ന മാത്യുവിനെ സിലി വധക്കേസിലും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. 

മാത്യുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇതിനുള്ള അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥർ കൊയിലാണ്ടി കോടതിയിൽ അപേക്ഷ നൽകും.

ജോൺസൺ പുതുപ്പാടി സഹകരണ ബാങ്കിൽ പണയം വച്ചത് സിലിയുടെ സ്വർണ്ണമാണെന്ന് കണ്ടെത്തിയിരുന്നു. സ്വർണം സിലിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ജോളി നിർബന്ധിച്ച് ഏൽപ്പിച്ചതാണ് സ്വർണ്ണമെന്നായിരുന്നു ജോൺസന്റെ മൊഴി.

കൂടത്തായിയിൽ സിലിയുടെ മകൾ ആൽഫൈന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഭക്ഷണത്തിൽ സയനൈഡ് കലർത്തി ആൽഫൈനെ കൊന്നുവെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ജോളിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥൻ തിരുവമ്പാടി സിഐ ഇന്ന് കൊയിലാണ്ടി കോടതിയിൽ അപേക്ഷ നൽകും. ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്.

കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ, ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ജോളിയെ കോടതിയിൽ ഹാജരാക്കും. ജോളിയെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് വിവരം. ഷാജുവിനെയും പിതാവ് സഖറിയാസിനെയും വീണ്ടും ചോദ്യം ചെയ്യും.

സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്സി, ജോളിയുടെ സഹോദരൻ ജോണി എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കേസിൽ മുഖ്യ കണ്ണിയെന്ന് പൊലീസ് കരുതുന്ന ജോൺസണെയും ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. ജോളിയുടെ കാറിന്‍റെ രഹസ്യ അറയിൽ നിന്ന് പൊലീസ് കണ്ടെടുത്ത പൊടി സയനൈഡെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios