ആലപ്പുഴ: കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തത് അസമിലെ കാമുകിക്കൊപ്പം ജീവിക്കാനെന്ന് പ്രതി മുഹമ്മദ് ബിലാല്‍ സമ്മതിച്ചു. കൊലപാതകത്തിന് ശേഷം താമസിച്ച ആലപ്പുഴയിലെ ലോഡ്ജില്‍ പൊലീസ് ബിലാലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നും പ്രതി തെളിവെടുപ്പിനിടെ പറഞ്ഞു.

എന്തിനായിരുന്നു മോഷണവും കൊലപാതകവുമെന്ന് ബിലാല്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സ്ഥിരമായി അസമിലേക്ക് വിളിച്ചിട്ടുണ്ടെന്ന് മനസിലാക്കി. പിന്നീട് പൊലീസിന്റെ വീണ്ടും വീണ്ടുമുള്ള ചോദ്യം ചെയ്യലിനിടെയാണ് ബിലാല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം ബിലാല്‍ പോയത് ആലപ്പുഴയിലെ ലോഡ്ജിലേക്കാണ്. എറണാകുളത്ത് നിന്ന് ട്രെയിനില്‍ അസമിലേക്ക് പോകാനായിരുന്നു ബിലാലിന്റെ പദ്ധതി. സ്വര്‍ണം കേരളത്തിലോ അസമിലോ വില്‍ക്കാം എന്നും ആലോചിച്ചു. അസമിലെ പെണ്‍കുട്ടിയുമായി വര്‍ഷങ്ങളായി അടുപ്പമാണ് പ്രതിക്ക്. ഹോട്ടലില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ജോലിയെടുക്കുന്ന ബിലാല്‍ അഞ്ച് ഭാഷകള്‍ വശത്താക്കി.

ഓണ്‍ലൈന്‍ ഗെയിമുകളിലൂടെയും പ്രതി മുഹമ്മദ് ബിലാല്‍ പണം സമ്പാദിച്ചിരുന്നു. ഓണ്‍ലൈന്‍ ചീട്ട് കളിയിലൂടെ ചില ദിവസം 5000 രൂപ വരെ കിട്ടി. ബിലാലിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് കോടതിയില്‍ ഹാജരാക്കും. ബിലാലിന്റെ അടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് സാലിയുടെ നില ഗുരുതരമായി തുടരുകയാണ്.