കോഴിക്കോട്: കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ സ്വര്‍ണ്ണത്തെ കുറിച്ച് ഡിആര്‍ഐ അന്വേഷണം തുടങ്ങി. കസബ പൊലീസാണ് രേഖകള്‍ ഇല്ലാത്ത അരക്കിലോഗ്രാമോളം സ്വര്‍ണ്ണം പിടികൂടിയത്. വാഹന പരിശോധനക്കിടെയാണ് രേഖകള്‍ ഇല്ലാത്ത സ്വര്‍ണ്ണം പൊലീസ് പിടികൂടിയത്. 

മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഉമര്‍ നസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാലപ്പുറത്ത് വെച്ച് പതിവ് വാഹന പരിശോധന നടത്തവേ ബൈക്കില്‍ എത്തിയ ഉമര്‍ നസീറിനെ പരിശോധി ച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ആഭരണങ്ങളും സ്വര്‍ണ്ണകട്ടിയുമായിരുന്നു ബാഗില്‍. ഇവ കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ സ്വര്‍ണ്ണ കടകളില്‍ വിതരണം

ചെയ്യാനുള്ളതെന്നാണ് ഉമര്‍ നസീര്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സ്വര്‍ണ്ണം പൊലീസ് പിടിച്ചെടുത്തു. ഉമറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസുമായി സംഭവത്തിന് ബന്ധം ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം അറിഞ്ഞ ഡിആര്‍ഐ ഉദ്യോഗസ്ഥരും അന്വേഷണം തുടങ്ങി.