ചെന്നൈ: സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധം സംശയിച്ച് പൊലീസുകാരനെ കാമുകി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചെന്നൈയിലെ വില്ലുപുരം സ്വദേശി വെങ്കിടേഷിനെയാണ് കാമുകി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആശ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

2012-ല്‍ ജയ എന്ന സ്ത്രീയെ വെങ്കിടേഷ് വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വെങ്കിടേഷിന് അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയതോടെ ജയ ബന്ധം വേര്‍പെടുത്തി. ഇതിന് പിന്നാലെ കാമുകി ആശ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വെങ്കിടേഷിനൊപ്പം പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കാന്‍ തുടങ്ങുകയായിരുന്നു. 

എന്നാല്‍ വെങ്കിടേഷിന് മറ്റൊരു ബന്ധമുള്ളതായി ആശയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് സുഹൃത്തുക്കള്‍ മുഖേന അന്വേഷിച്ചപ്പോഴാണ് സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കി. ഞായറാഴ്ച മദ്യപിച്ചെത്തിയ വെങ്കിടേഷുമായി ആശ വഴക്കിട്ടു. ഇതിനിടെ ആശ വെങ്കിടേഷിന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ആശ പിന്തുടര്‍ന്നെത്തി തീകൊളുത്തുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ വെങ്കിടേഷിനെ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്.