ബെംഗളൂരു: ഇന്നുമാത്രം ആറ് മലയാളികളാണ് കര്‍ണാടകത്തില്‍ ലഹരി വസ്തുക്കളമുായി പിടിയിലായത്. കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയുടെ ബെംഗളൂരു സോണ്‍ ഉദ്യോഗസ്ഥര്‍ രഹസ്യ ഓപ്പറേഷനിലൂടെ കുടുക്കിയത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പതിവായി എംഡിഎംഎ ഗുളികകളെത്തിച്ചിരുന്ന സംഘത്തെയാണ്. മലയാളിയായ കെ. പ്രമോദും ഫാഹിമുമായിരുന്നു സംഘത്തെ നയിച്ചിരുന്നത്. 

ബിറ്റ് കോയിനുപയോഗിച്ച് ഡാര്‍ക്ക് വെബ്ബിലൂടെ വാങ്ങിയ 750 എംഡിഎംഎ ഗുളികകള്‍ ബെംഗളൂരുവിലെ പോസ്റ്റ് ഓഫീസിലെത്തിയത് കഴിഞ്ഞ ആഗസ്റ്റ് 30നാണ്. ബെംഗളൂരുവിലെക്കെന്നല്ലാതെ പാര്‍സലെത്തേണ്ടായാളുടെ കാര്യമായ വിവരങ്ങള്‍ പാര്‍സലിന് മുകളില്‍ ഉണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണമാണ് നാലംഗ സംഘത്തില്‍ എത്തിയത്. ഇവരുടെ സഹായികളായ അബു ഹാഷിര്‍, എസ് എസ് ഷെട്ടി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ഡാര്‍ക്ക് വെബ്ബിലൂടെ വാങ്ങിയ ലഹരിമരുന്നുകള്‍ ബെംഗളൂരു നഗരത്തില്‍ പിടിക്കുന്നത് സ്ഥിരം സംഭവമാവുകയാണ്. ചെറുതും വലുതുമായി നിരവധി ലഹരിവേട്ടകളാണ് നഗരത്തില്‍ നിത്യവും നടക്കുന്നത്. പണ്ട് ചില സംഘങ്ങളിലൂടെ മാത്രമാണ് ലഹരി കടല്‍ കടന്ന് രാജ്യത്തെത്തിയിരുന്നതെങ്കില്‍ ഇന്റര്‍നെറ്റില്‍ സാമാന്യം ധാരണയുള്ള ഒരാള്‍ക്ക് അന്താരാഷ്ട്ര ലഹരി സംഘത്തിലേക്ക് നേരിട്ടെത്താവുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്ന് കര്‍ണാടക പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഡീപ്-ഡാര്‍ക്ക് വെബ്ബ് ഏരിയ എന്ന വെര്‍ച്വല്‍ അധോലോകം

സാധാരണ ബ്രൗസറുപയോഗിച്ച് എത്തിപ്പെടാനാകാത്ത ഇന്റര്‍നെറ്റിലെ ഒരു അധോലോകമാണ് ഡീപ്-ഡാര്‍ക്ക് വെബ്ബ് ഏരിയകള്‍. കേവലം ലഹരി വ്യാപാരം മാത്രമല്ല, ലോകത്ത് മൂല്യമുള്ള എന്തിന്റെയും വില്‍പനയും കൈമാറ്റവും ഇവിടെ നടക്കുന്നുണ്ട്. അനോണിമസ് ആയി- അഥവാ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ഇടപെടാം എന്നുള്ളതാണ് ഡാര്‍ക്ക് വെബ്ബിനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്. ഈ ഡാര്‍ക്ക് വെബ്ബിലൂടെ നെതര്‍ലാന്‍ഡ്‌സിലെ ഏതോ ലഹരി സംഘത്തില്‍നിന്നാണ് ഇന്ന് പിടിയിലായ മലയാളി യുവാക്കള്‍ എംഡിഎംഎ വാങ്ങിയത്.

ഇന്ത്യയിലെ വിവിധ വിലാസങ്ങളിലേക്ക് ഇവര്‍ ഇത്തരത്തില്‍ പതിവായി ലഹരി എത്തിച്ചിരുന്നുവെന്ന് എന്‍സിബി കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഡ്രസ് അറിയാതെ കിടന്ന പാര്‍സലിലേക്ക് യുവാക്കളെത്തും മുന്‍പേ ഉദ്യോഗസ്ഥരെത്തിയതും നാലുപേരെയും പൊക്കിയതെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. മലയാളികളാണ് എന്നല്ലാതെ ഏത് ജില്ലക്കാരാണ് എന്ന് ഇതുവരെ എന്‍സിബി യുവാക്കളെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ പിടിയിലായ മലയാളികള്‍ പ്രമോദ് കൃഷ്ണന്റെ മകന്‍ കാര്‍ത്തിക് പ്രമോദ് - 25 വയസ്, കെ. ഫൈസലിന്റെ മകന്‍ ഫാഹിം- 23 വയസ് എന്നീ വിവരങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. രണ്ടുപേരും വിദ്യാര്‍ത്ഥികളാണെന്ന് ചുരുക്കം. വിദ്യാര്‍ത്ഥികള്‍ക്കിടിയില്‍ ഡാര്‍ക് വെബ് വഴിയുള്ള ലഹരി വ്യാപാരത്തെ തടയാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. അധ്യാപകരുടെ നേതൃത്ത്വത്തില്‍ കലാലയങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ച് പ്രത്യേക സമിതികളുണ്ടാക്കി സംസ്ഥാനത്തുടനീളം ലഹരി വിരുദ്ധ ക്യാപംയിന്‍ ശക്തമാക്കാനാണ് തീരുമാനം.

അതേസമയം ഉച്ചയോടെ 86.3 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, സലീം, ഇബ്രാഹിം കുട്ടി, വയനാട് സ്വദേശി ഷാഫി എന്നിവരും മൈസൂരു പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ആന്ധ്ര പ്രദേശില്‍നിന്ന് വാഹനത്തില്‍ കഞ്ചാവുമായി വരികയായിരുന്ന സംഘത്തെ മൈസൂരുവില്‍ റോഡരികില്‍വച്ചാണ് പൊലീസ് സംഘം പിടികൂടിയത്. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പും ഇതുപോലെ ആന്ധ്രയില്‍ നിന്നെത്തിച്ച അര ടണ്‍ കഞ്ചാവ് തിരുവനന്തപുരത്ത് എക്‌സൈസ് പിടികൂടിയിരുന്നു.