Asianet News MalayalamAsianet News Malayalam

സ്റ്റുഡിയോ ഉടമയെ അടിച്ചു വീഴ്ത്തി ലക്ഷങ്ങൾ വിലയുള്ള ക്യാമറ മോഷ്ടിച്ച പ്രതി പിടിയിൽ

കഴിഞ്ഞ മാസമാണ് സ്റ്റുഡിയോ ഉടമയെ ആക്രമിച്ച് ക്യാമറ കവർന്നത്. പിഡബ്ല്യൂഡി ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പ്രതി സ്റ്റുഡിയോയിൽ എത്തിയത്. 

man arrest for camera robbery in kayamkulam
Author
Kayamkulam, First Published Sep 10, 2019, 10:02 PM IST

കായംകുളം: ലക്ഷങ്ങൾ വിലപിടിപ്പുള്ള ക്യാമറയുമായ മുങ്ങിയ പ്രതി പിടിയിൽ. കേരളാ-തമിഴ്നാട് അതിർത്തിയായ പൊഴിയൂരിൽ വെച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം 29 നാണ് കായംകുളം പുതിയിടത്തെ കാർത്തിക സ്റ്റുഡിയോ ഉടമ ശിവകുമാറിനെ ആക്രമിച്ച് ക്യാമറ കവർന്നത്. 

പിഡബ്ല്യൂഡി  ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തമിഴ്നാട് മാർത്താണ്ഡം സ്വദേശി രാജേഷ് സ്റ്റുഡിയോയിൽ എത്തിയത്. ഔദ്യോഗിക ആവശ്യത്തിനെന്ന് പറഞ്ഞതനുസരിച്ച് പൊതു നിരത്തുകളുടെയും സർക്കാർ നിർമിതികളുടെയും ചിത്രങ്ങൾ എടുക്കാൻ ശിവകുമാറും ഒപ്പം പോയി. ആളോഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ശിവകുമാറിനെ അടിച്ച് വീഴ്ത്തി ക്യാമറയുമായി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

കായംകുളം പൊലീസിന്റെ അന്വേഷണത്തിൽ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. തുടർന്ന് തിരുവനന്തപുരത്ത് എത്തിയ അന്വേഷണ സംഘം കേരള അതിർത്തിയായ പൊഴിയൂരിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലും തെക്കൻ കേരളത്തിൽ പലയിടത്തും സമാനമായ രീതിയിൽ ക്യാമറ കവർന്നതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.

കരുനാഗപ്പള്ളിയിലെ യൂസ്ഡ് ബൈക്കുകൾ വിൽക്കുന്ന കടയിൽ നിന്നും കവർന്ന തണ്ടർബേർഡ് ബൈക്കിൽ കറങ്ങി നടന്നായിരുന്നു മോഷണങ്ങൾ. കവർന്നെടുക്കുന്ന ക്യാമറകൾ തമിഴ്നാട്ടിലെ നാഗർ കോവിലിനടുത്തുള്ള കോട്ടാർ എന്ന സ്ഥലത്തായിരുന്നു ഇയാൾ ചുരുങ്ങിയ വിലക്ക് വിറ്റിരുന്നത്. സ്ഥിരം കുറ്റവാളിയായ രാജേഷ്, ആറ് മാസം മുമ്പാണ് തമിഴ്നാട്ടിൽ കൊലക്കുറ്റത്തിന് ജയിലിൽ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios