കൊല്ലം: കൊല്ലത്ത് വിവാഹത്തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. നാല് പെൺകുട്ടികളെ പീഡിപ്പിച്ച പുനലൂർ സ്വദേശി വിഘ്നേഷാണ് അറസ്റ്റിലായത്. പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. വിഘ്നേഷിനെ പരവൂർ കോടതി റിമാൻഡ് ചെയ്തു. മുണ്ടക്കയം സ്വദേശിയായ പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ വിഘ്നേഷ് പ്രണയം നടിച്ച് തിരുവനന്തപുരത്ത് ബന്ധുവീട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് പരവൂരിൽ എത്തിയ ഇവർ ഒരുമിച്ച് നാലോളം വീടുകളിൽ മാറി മാറി താമസിച്ചു. മാസങ്ങൾക്ക് ശേഷം വിഘ്നേഷ് കടന്നു കളയുകയായിരുന്നു. ഇതോടെ പെൺകുട്ടി പൊലീസിനെ സമീപിച്ചു. ചാത്തന്നൂർ എസിപി ജോർജ് കോശിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് വിഘ്നേഷ് പിടിയിലായത്.

പൊലീസിന്‍റെ പിടിയിലാകുമ്പോള്‍ കൊല്ലം മാടൻ നട ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം മറ്റൊരു പെൺകുട്ടിയുമായി താമസിക്കുകയായിരുന്നു പ്രതി. പരാതിക്കാരിയെ കൂടാതെ മറ്റ് മൂന്ന് പെൺകുട്ടികളേയും വിഘ്നേഷ് ഇത്തരത്തിൽ വിവാഹത്തട്ടിപ്പിനിരയാക്കി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.