ഉപ്പുതുറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇടുക്കി ഉപ്പുതറയിൽ യുവാവ് അറസ്റ്റിൽ. കണ്ണംപടി, കത്തിതേപ്പൻ സ്വദേശി ബിനീഷ് മോഹനനാണ് പിടിയിലായത്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഉപ്പുതറ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ദേഹാസ്വസ്ത്യം അനുഭവപ്പെട്ടതിനെ തുട‌ർന്ന് പീഡനത്തിന് ഇരയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം ഉപ്പുതറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് 14 വയസ്സുകാരിയായ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ ഡോക്ടർ ഉപ്പുതറ പോലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ, കട്ടപ്പനയിൽ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ഒന്നിലധികം തവണ ബിനീഷ് പീഡനത്തിന് ഇരയാക്കിയതായാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സൗഹൃദം നടിച്ച് വീട്ടിലെത്തിയ ബിനീഷ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ കണ്ണംപടിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കുട്ടികൾക്കെത്തിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി രൂപീകരിച്ചിരിക്കുന്ന പോക്സോ വകുപ്പ് പ്രകാരമാണ് ബിനീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.