ബെംഗളൂരു: വിവിധ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കററുകൾ നിർമ്മിച്ച് ലക്ഷകണക്കിന് രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപന ഉടമ പിടിയിൽ. ബെംഗളൂരു മഹാലക്ഷ്മി ലേ ഔട്ടിലെ വെങ്കടേശ്വര എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ സന്ദീപ് റെഡ്ഡിയാണ് അറസ്റ്റിലായത്. ഇയാളുടെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഓപ്പൺ യൂണിവേഴ്സിറ്റികളുടേതുള്‍പ്പെടെ ഇന്ത്യയിലെ 40 ഓളം സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തു.

എൻജിനീയറിങ്, പാരാമെഡിക്കൽ, എം ഫിൽ തുടങ്ങി വിവിധ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകളാണ് പൊലീസ് കൂടുതലായും കണ്ടെടുത്തത്. എൻജീനീയറിംഗ് സർട്ടിഫിക്കറ്റിന് രണ്ടര ലക്ഷം രൂപവരെയും പിഎച്ച് ഡിയ്ക്കും എം ഫില്ലിനും എട്ടു ലക്ഷം വരെയും ഇയാൾ ഈടാക്കിയിരുന്നതായി പൊലീസ് പറയുന്നു.

സന്ദീപ് റെഡ്ഡിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ മാർക്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഉപയോഗിച്ച സ്റ്റാമ്പുകളും പ്രിന്‍റിംഗ് മെഷീനുകളും പൊലീസ് കണ്ടെടുത്തു. ബെംഗളൂരുവിൽ ഐടി കൺസൽട്ടന്‍റായി ജോലി ചെയ്തിരുന്ന സന്ദീപ് റെഡ്ഡി അഞ്ചുവർഷം മുമ്പാണ് വെങ്കടേശ്വര എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. കരിയർ കൗൺസിലിങും വിവിധ കോഴ്സുകളിലേക്കുള്ള പരിശീലനവുമായിരുന്നു ഇവിടെ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. റാക്കറ്റിൽ കണ്ണികളായവരെകുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.