ഹൈദാബാദ്: വനിത തഹസില്‍ദാരെ ഓഫീസിലിട്ട് അഞ്ജാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തഹസില്‍ദാര്‍ ഇരിക്കുന്ന ചേംബറിനടുത്തെത്തി സംസാരിക്കുന്നതിനിടെ അക്രമി തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. വിജയ റെഡ്ഡിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 

ഉച്ചയോടെ തഹസില്‍ദാരുടെ ചേംബറിലെത്തിയ യുവാവ് ഏറെ നേരം ഇവരുമായി സംസാരിച്ചിരുന്നു. അതിനിടെ കയ്യിലെ ബോട്ടിലില്‍ കരുതിയ പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. യുവാവ് അവിടെ നിന്നും ഓടിരക്ഷപെട്ടു.

പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചഭക്ഷണ സമയത്താണ് യുവാവ് എത്തിയത്. അതുകൊണ്ട് തന്നെ ഓഫീസില്‍ ആളുകളും കുറവായിരുന്നു.  തഹസില്‍ദാരോട് ഇയാള്‍ അരമണിക്കൂറിലധികം നേരം സംസാരിക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിഷയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തീകൊളുത്തുന്നതിന് പിന്നാലെ തഹസില്‍ദാരുടെ കരച്ചില്‍ കേട്ട് മറ്റുള്ളവര്‍ ഓടിയെത്തുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും സമയം വൈകിപ്പോയി. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.