ലഖ്നൗ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിയുതിര്‍ത്തു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. വെള്ളിയാഴ്ച യുവതിയുടെ വീട്ടിലെത്തിയ 26 -കാരനായ മദന്‍ എന്ന യുവാവ് ഇവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് യുവതിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 

ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന യുവതി സഹോദരിയോടൊപ്പം ഹസ്സന്‍ഗഞ്ചിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സംഭവ ദിവസം യുവതിയും മദനുമായി വഴക്കുണ്ടാക്കുന്നതിന്‍റെ ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. വീടിനകത്ത് കയറിയ മദന്‍ യുവതിയോട് വിവാഹാഭ്യാര്‍ത്ഥന നടത്തി. യുവതി ഇത് നിരസിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

തുടര്‍ന്ന് ഇയാള്‍ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് യുവതിക്ക് നേരെ വെടിയുതിര്‍ത്തു. പിന്നീട് അതേ തോക്കില്‍ നിന്ന് തന്നെ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികളെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.