ലക്നൗ: ഉത്തർപ്രദേശിലെ ഹർദോയിൽ കഴിഞ്ഞ ദിവസം നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. ബുധനാഴ്ച ഉച്ചയോടെ ​ഗ്രാമത്തിലെ തെരുവിലൂടെ സ്വന്തം മകളുടെ വെട്ടിമാറ്റിയ തലയുമായി നടന്നുപോകുന്ന അച്ഛന്റെ ദൃശ്യം കണ്ട ഞെട്ടലിൽ നിന്ന് ഇവിടുത്തുകാർ ഇതുവരെയും മോചിതരായിട്ടില്ല. 17കാരിയായ മകളെ കഴുത്തറുത്ത് കൊന്ന ശേഷം വെട്ടിമാറ്റിയ തലയും കയ്യിൽ പിടിച്ച് പൊലീസ് സ്റ്റേഷനിലേക്കാണ് പിതാവ് സർവേഷ് കുമാർ നടന്നത്. പണ്ടെതാര ​ഗ്രാമത്തിലാണ് സംഭവം. 

മകൾക്ക് മറ്റൊരാളുമായുള്ള പ്രണയം അംഗീകരിക്കാനാകാത്തതിനാലാണ് മകളെ കൊലപ്പെടുത്തിയത്. സ്റ്റേഷനിലെത്തിയ ഇയാളോട് കയ്യിലുള്ള വെട്ടിമാറ്റിയ നിലയിലുള്ള തല ആരുടേതാണെന്ന ചോദ്യത്തിന് ഒട്ടും ഭാവവ്യത്യാസമില്ലാതെയാണ് ഇയാൾ മറുപടി നൽകിയത്. പൊലീസുകാരിലൊരാൾ പകർത്തിയ വീഡിയോയിൽ ഇയാൾ താൻ ചെയ്ത കുറ്റം സമ്മതിക്കുന്നുണ്ട്. ഞാൻ അത് ചെയ്തു. അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ഞാൻ കതക് അടച്ച് അത് ചെയ്തു. മൃതദേഹം മുറിയിലുണ്ട്. 

മൃതദേഹം നിലത്തിടാനും റോഡിലിരിക്കാനും പൊലീസ് ആവശ്യപ്പെട്ടപ്പോൾ യാതൊന്നും പ്രതികരിക്കാതെ അതും അയാൾ ചെയ്തു. ഇതിന് ശേഷം പൊലീസുകാരിലൊരാൾ, സർവേഷ് കൊണ്ടുവന്ന തല അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഒരു പൊലീസുകാരനെ സസ്പെന്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉന്നത വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.