സിനിമയിലൂടെ പടിപടിയായി കെട്ടിപ്പടുത്ത ഇമേജും കൃത്യമായ ആസൂത്രണവും വിജയ്ക്ക് ഉണ്ടെങ്കിലും ഡിഎംകെ പോലെയുള്ള പ്രബല കക്ഷികളെ മറികടന്ന് വിജയിക്കാൻ സാധിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.
ചെന്നൈ: സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് പടർന്ന് പിടിക്കാൻ വളക്കൂറുളള മണ്ണാണ് തമിഴ്നാടിന്റേത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എം.ജി.ആർ, ജയലളിത, ശിവാജി ഗണേശൻ, വിജയ്കാന്ത്, കമൽ ഹാസൻ, ഖുശ്ബു തുടങ്ങി നീണ്ട് പോകുന്ന താരനിര രാഷ്ട്രീയത്തിലേക്കും ചുവടുമാറ്റിയവരാണ്. സിനിമയും തമിഴ്മണ്ണിലെ രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധവുമുണ്ട്.
നടനായ എം.ജി രാമചന്ദ്രൻ എന്ന മലയാളിയായ എംജിആറിന്റെയും തിരക്കഥാകൃത്തും എഴുത്തുകാരനുകാരനുമായിരുന്ന കരുണാനിധിയുടെയും കാലം തൊട്ടാണ് ഈ ബന്ധം ഊട്ടിഉറപ്പിക്കപ്പെടുന്നത്. എന്നാൽ എല്ലാ സിനിമക്കാർക്കും തമിഴ്രാഷ്ട്രീയത്തിൽ വിജയം കൊയ്യാൻ സാധിച്ചിട്ടുമില്ല, എംജിആറിനും ജയലളിതയ്ക്കും ശേഷം അതിന് കുറച്ചെങ്കിലും സാധിച്ചത് വിജകാന്തിന് മാത്രമാണ്. ആ മണ്ണിലേക്കാണ് നടൻ വിജയ് തമിഴക വെട്രി കഴകവുമായി എത്തുന്നത്. അതും കരിയറിന്റെ സുവർണകാലമെന്ന് വിശേഷപ്പിക്കാവുന്ന സമയത്ത് തന്റെ വെറും 51-ാം വയസിൽ അഭിനയം ഉപേക്ഷിച്ച് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുന്നു. കമലഹാസൻ അടക്കമുളളവർ അഭിനയത്തിനൊപ്പം രാഷ്ട്രീയം കൊണ്ടുപോകുമ്പോൾ അതിന് മുതിരാതെ സിനിമ പൂർണമായും ഉപേക്ഷിച്ചാണ് താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന വിജയ് യുടെ പ്രഖ്യാപനത്തിന് പിന്നിലെ ധെെര്യമെന്തായിരിക്കും? കമലഹാസൻ, ശിവാജി ഗണേശൻ തുടങ്ങിയ താരങ്ങൾ പരാജപ്പെട്ടിടത്ത് വിജയ്ക്ക് വിജയിക്കാൻ സാധിക്കുമോ? വിജയ്ക്ക് അത്രമാത്രം പ്രതീക്ഷ നൽകുന്ന ഘടകം എന്താണ്?
അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ച ആളല്ല വിജയ്. നല്ല പ്ലാനിംഗ് നടത്തിയാണ് രാഷ്ട്രീയ പ്രവേശനം. ഉൾവലിഞ്ഞ സ്വഭാവ പ്രകൃതമുളള വിജയ് വേദികളിൽ തന്റെ ആരാധകരെ അഭിസംബോധന ചെയ്യാൻ നടത്തുന്ന പ്രസംഗങ്ങളിൽ വരുത്തിയ മാറ്റം തൊട്ട് അത് പ്രകടമാണ്. പോക്കിരി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനീതിക്ക് എതിരെ പ്രതികരിക്കുന്ന ഒരു നായകന്റെ ഇമേജിലേക്ക് വിജയ് മാറി തുടങ്ങിയിരുന്നു. സിനിമയിലൂടെ ശക്തമായൊരു രാഷ്ട്രീയം പറയാനുളള ശ്രമങ്ങളും പുറകെ ആരംഭിച്ചു. അവസാനം ഇറങ്ങിയ മിക്ക വിജയ് സിനിമകളിലും ഒരു ഗ്രാമത്തിൻെറയോ സമൂഹത്തിൻെറയോ രക്ഷകനായി അദ്ദേഹം മാറുന്ന കാഴ്ചയാണുള്ളത്.
തലൈവ സിനിമയുടെ ‘Time to lead’ എന്ന ടാഗ് ലൈൻ അന്ന് വിജയ് രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യങ്ങൾക്ക് തുടക്കമിട്ടിരുന്നു, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ വരെ ഇത് ചൊടിപ്പിച്ചു. പിന്നീട് വന്ന കത്തി, മെർസൽ, ബിഗിൽ, സർക്കാർ പോലെയുള്ള സിനിമകളിലും രാഷ്ട്രീയം പറയുന്ന പതിവ് വിജയ് തുടർന്നു. മെർസലിൽ ജിഎസ്ടിയെ കുറിച്ചുളള പരാമർശവും അമ്പലങ്ങൾ അല്ല ആശുപത്രികളാണ് പണിയേണ്ടതെന്ന ഡയലോഗും വന്നതോടെ ബിജെപി വിജയ്ക്കെതിരെ തിരിഞ്ഞു. പിന്നാലെ വിജയ് യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുക്കുന്നു, ചോദ്യം ചെയ്യുന്നു. അതുകൊണ്ടും തീർന്നില്ല, വിജയ് യുടെ യഥാര്ത്ഥ പേരായ ചന്ദ്രശേഖര് ജോസഫ് വിജയ് എന്നത് കുത്തിപ്പൊക്കി വിവാദങ്ങൾ ഉണ്ടാക്കാനുളള ശ്രമവും ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായി. എന്നാൽ ഇതൊക്കെ ഒരുതരത്തിൽ വിജയ്ക്ക് കൂടുതൽ ഉപകാരപ്പെടുകയാണ് ചെയതത്.
2021-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം, ചെന്നൈയിലെ തന്റെ വീടിനു മുന്നിലെ ഗേറ്റ് തുറന്ന് സൈക്കിളിലാണ് വിജയ് പോളിംഗ് ബൂത്തിലേക്ക് പോയത്. ഇതും അന്ന് വലിയ വാർത്തയായിരുന്നു. വർധിച്ചുവരുന്ന ഇന്ധന വിലക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ആ സൈക്കിൾ യാത്ര. തൂത്തുക്കുടിയിലെ സ്റ്റെറിലേറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മരിച്ച 13 പേരുടെ വീടുകളിലും സന്ദർശനം നടത്തിയ വിജയ് താൻ അവിടുത്തെ മനുഷ്യർക്കൊപ്പമെന്ന് പ്രഖ്യാപിക്കുകയും. ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു.
ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ മുഖം മറച്ച് ആൾക്കൂട്ടത്തിലൊരുവനായി അദ്ദേഹം പങ്കെടുത്തിരുന്നു. തമിഴ് വികാരം കത്തിനിൽക്കുന്ന തമിഴ്നാട്ടിൽ അത് എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് അറിയാവുന്ന വിജയ് ശ്രീലങ്കൻ മുൻ പ്രധാനമന്ത്രിയായിരുന്ന രജപക്സയുടെ തമിഴ് വിരുദ്ധ നിലപാടുകളെ എതിർത്തു കൊണ്ട് കയ്യടി നേടി. ഒപ്പം “തമിഴൻ കൊടി പറക്കുത്, തലൈവൻ യുഗം പിറക്കുത്” എന്ന് ഔദ്യോഗിക ഗാനവും വിജയ് യുടെ ടി.വി.കെയുടെ സ്വന്തമായി. അതായത് വിജയ് ഒരു മാസറ്റർ പ്ലാനോടെ തക്ക സമയം നോക്കി തന്നെയാണ് വന്നിരിക്കുന്നത്. എന്നാൽ ആ പ്ലാൻ വിജയിക്കുമോ എന്നാണ് അറിയേണ്ടത്.
അടുത്തിടെ നടന്ന ചില സംഭവങ്ങൾ വിജയ് യുടെ ഇമേജിന് കോട്ടം ഉണ്ടാക്കിയിട്ടുണ്ട്. 2025 സെപ്റ്റംബറിൽ കരൂരിൽ നടന്ന ടിവികെ റാലിയിൽ ഉണ്ടായ ജനക്കൂട്ടത്തിൽ തിക്കിലും തിരക്കിലും 40 പേർക്ക് ജീവൻ നഷ്ടമായിരുന്നു, ഇത് അദ്ദേഹത്തിന്റെ പാർട്ടിയുടെ സംഘടനാ മികവിനെയും വിജയ്യുടെ നേതൃത്വത്തെയും രൂക്ഷമായി വിമർശിക്കുന്നതിന് ഇടയാക്കി. ഇരകളെ ഉടൻ സന്ദർശിക്കാത്തതിരുന്നതും വിമർശനങ്ങൾക്ക് ആക്കം കൂട്ടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയായിരുന്നു ഭാര്യ സംഗീതയുമായുളള കുടുംബ പ്രശ്നങ്ങൾ വാർത്തകളിൽ നിറഞ്ഞത്. പൂ എറിഞ്ഞ ആരാധകനെ പേടിച്ച് സെെക്കിൾ വിട്ട് ഓടിയത് ട്രോളുകൾക്കും വഴിവച്ചു.
വിശാലമായൊരു രാഷ്ട്രീയം വിജയ് വേദികളിൽ പറഞ്ഞുവയ്ക്കുന്നുണ്ട്. അഴിമതി വിരുദ്ധത, സാമൂഹിക നീതി, തമിഴ് വികാരം, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നേരെയുളള വിമർശനം തുടങ്ങി നിരവധി വിഷയങ്ങൾ. നിലവിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് യുടെ ഏറ്റവും വലിയ എതിരാളി ഡി.എം.കെയാണ്. സിനിമയിലൂടെ വന്ന് ഇന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രിയായിരിക്കുന്ന ഉദയനിധി സ്റ്റാലിനുമുണ്ട് ഡി.എം.കെയിൽ. വിജയ് യെ പോലെയല്ല ഉൾഗ്രാമങ്ങളിൽ പോലും വേരോട്ടമുളള സംഘടാനാ സംവിധാനമുണ്ട് സ്റ്റാലിന്റെയും ഉദയനിധിയുടെയും ഡിഎംകെയ്ക്ക്.
ഡിഎംകെയും എഐഎഡിഎംകെയും വർഷങ്ങളായി തമിഴ്നാട്ടിൽ മത്സര രംഗത്ത് ഉളളവരും മാറി മാറി ഭരണത്തിൽ വന്നിട്ടുളളവരുമാണ്. അവരോടാണ് വിജയ് പ്രധാനമായും ഏറ്റുമുട്ടുന്നത്. ഒരു പ്രത്യേക ജാതിയോ മതമോ വിജയ് കൂട്ടുപിടിച്ചിട്ടുമില്ല. തമിഴ്നാട്ടിൽ ഓടി നടന്ന് ഒരു ഓളമുണ്ടാക്കാൻ സാധിച്ചിട്ടുമുണ്ട്. അതിനാൽ ഭരണം ഇനി കിട്ടിയില്ലെങ്കിലും നിയമസഭയിൽ രണ്ടാമത്തെ വലിയ കക്ഷിയായി വിജയ് യുടെ ടിവികെ മാറുമെന്ന് പ്രതീക്ഷവയ്ക്കുന്നവരും കുറവല്ല. അധികാരത്തിൽ വന്നാൽ അറിയാം വിജയ് യുടെ യഥാർത്ഥ ലക്ഷ്യവും പ്ലാനിംഗിന് പിന്നിലെ കാരണങ്ങളും.


