Asianet News MalayalamAsianet News Malayalam

മരിച്ചത് 3 മാസം മുമ്പ്, ദുരൂഹതയെന്ന് ആരോപണം, മൃതദേഹം ഇന്ന് പുറത്തെടുക്കാൻ പൊലീസ്

കടബാധ്യത മൂലം ജോൺ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നൽകിയ മൊഴി. ആത്മഹത്യയാണെന്ന് പറഞ്ഞാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കാനാകില്ല. അതിനാലാണ് ഹൃദയസ്തംഭനമെന്ന് അന്ന് പറ‍ഞ്ഞതെന്ന് ഇവർ. 

man dead three months before will be exhumed today in trivandrum after allegations arise
Author
Thiruvananthapuram, First Published Jun 13, 2020, 7:45 AM IST

തിരുവനന്തപുരം: മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം നടത്തുന്നു. തിരുവനന്തപുരം പൊഴിയൂർ സ്വദേശി ജോണിന്‍റെ മൃതദേഹമാണ് ഇന്ന് സെമിത്തേരിയിൽ നിന്നെടുത്ത് പോസ്റ്റ്‍മോർട്ടം നടത്തുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി.

കഴിഞ്ഞ മാർച്ച് 6-ന് രാത്രിയാണ് പൊഴിയൂരിലെ പരുത്തിയൂർ‍ സ്വദേശി ജോൺ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും ആദ്യം ജോണിന്‍റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്. തൊട്ടടുത്ത ദിവസം സംസ്ക്കരിക്കുകയും ചെയ്തു. എന്നാൽ മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നിൽക്കാൻ പോലും അനുവദിക്കാത്തതിൽ ദുരൂഹത തോന്നിയെന്ന് ജോണിന്‍റെ സഹോദരി പറയുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞത്. ഇതിൽ അസ്വാഭാവികത തോന്നിയ അച്ഛനും സഹോദരിയും പൊലീസിനെ സമീപിക്കുകയായിരുന്നു.

''കേസ് പിൻവലിക്കണമെന്ന് പറഞ്ഞ് അവർ ഞങ്ങളെ വല്ലാതെ നിർബന്ധിച്ചു. ചേട്ടന്‍റെ മരണകാരണം ഞങ്ങൾക്ക് അറിയണം'', എന്ന് ജോണിന്‍റെ സഹോദരി ലീൻമേരി പറയുന്നു. 

എന്നാൽ, കടബാധ്യത മൂലം ജോൺ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നൽകിയ മൊഴി. ആത്മഹത്യയാണെന്ന് പറഞ്ഞാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കാനാകില്ല. അതിനാലാണ് ഹൃദയസ്തംഭനമെന്ന് അന്ന് പറ‍ഞ്ഞതെന്ന് ഇവർ പൊലീസിനോട് പറയുന്നു.

ജോണിന്‍റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കൾ അറിയിച്ചതിനാലാണ് പള്ളിയിൽ അടക്കിയതെന്ന് വികാരി പൊലീസിനോട് പറഞ്ഞു. സംസ്കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടുന്നതെന്ന് പൊഴിയൂർ പൊലീസ് വ്യക്തമാക്കി. ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ പോസ്റ്റ്‍മോർട്ടം നടത്തി മാത്രമേ സംസ്കരിക്കുമായിരുന്നു. പരാതിയെ തുടർന്ന് മൃതദേഹം വീണ്ടുമെടുത്താണ് പോസ്റ്റ്‍മോർട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios