തിരുവനന്തപുരം: അയൽവാസിയുടെ ക്രൂര മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെയ്യാറ്റിൻകര തൃപ്പലവൂർ സ്വദേശി പ്രസാദ് ആണ് മരിച്ചത്. കഴിഞ്ഞ 12 നായിരുന്നു ഇദ്ദേഹത്തെ അയൽവാസിയായ ഷിബുവും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു.

കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വെന്‍റിലേറ്ററിലായിരുന്നു. കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും പ്രതിയെ പൊലീസ് പിടികൂടിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേ സമയം അന്വേഷണം തുടരുന്നതായി മാരായമുട്ടം പൊലീസ് അറിയിച്ചു.