ഷാഹ്‌ജഹാൻപുർ: നിർത്താതെ കുരച്ചതിന് തെരുവുപട്ടിയുടെ രണ്ട് കാൽപ്പാദങ്ങൾ വെട്ടിക്കളഞ്ഞ യുവാവിനെ പൊലീസ് തിരയുന്നു. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിലെ സുഖൻപുർവ ഗ്രാമത്തിലാണ് സംഭവം. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട തെരുവുപട്ടിയെയാണ് മുഹമ്മദ് ഹാരുൺ എന്ന 30കാരൻ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം പ്രതി ഇവിടെ നിന്നും ഒളിവിൽ പോയി.

ഇന്നലെ ഉച്ചയ്ക്ക് തെരുവിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പട്ടിക്ക് അടുത്തേക്ക് കത്തിയുമായെത്തിയ ഹാരുൺ കാൽപ്പാദങ്ങൾ രണ്ടും വെട്ടിക്കളയുകയായിരുന്നു. രാത്രിയിൽ നിർത്താതെ കുരച്ച് തന്റെ ഉറക്കം ശല്യപ്പെടുത്തിയെന്നും വീട്ടീൽ കയറിയെന്നും ആരോപിച്ചായിരുന്നു ആക്രമണം. കൈയ്യിൽ കത്തിയുമായി രോഷാകുലനായി നിൽക്കുന്ന ഹാരുണിനെ തടയാൻ ഗ്രാമവാസികൾക്ക് സാധിച്ചില്ല.

എങ്കിലും വേദനയോടെ കരഞ്ഞ നായയെ ഇവർ ഉടൻ തന്നെ മൃഗാശുപത്രിയിൽ എത്തിച്ചു. നായക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.