വലിയതുറ പള്ളിയിൽ അടിപിടി നടത്തിയ കേസിലും, അമ്പലത്തിലെ ഭണ്ഡാരപ്പെട്ടി കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും പ്രതിയായി കോടതി ജ്യാമ്യത്തിലിരിക്കുകയായിരുന്നു ഇയാൾ

വള്ളക്കടവ്: തിരുവനന്തപുരത്ത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായിട്ടുള്ള മധ്യവയസ്‌കൻ എക്സൈസ് പിടിയിലായി. വള്ളക്കടവ് സ്വദേശി റോഷി വർഗീസാണ് ഡ്രൈ ഡേയിൽ അനധികൃത മദ്യക്കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 25 ലിറ്റർ വിദേശമദ്യവുമായി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. വലിയതുറ പള്ളിയിൽ അടിപിടി നടത്തിയ കേസിലും, അമ്പലത്തിലെ ഭണ്ഡാരപ്പെട്ടി കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും പ്രതിയായി കോടതി ജ്യാമ്യത്തിലിരിക്കുകയായിരുന്നു ഇയാൾ.

മദ്യശാലകൾ അടവുള്ള ദിവസങ്ങളിൽ വലിയതുറ ഭാഗത്ത് ഇയാൾ വൻതോതിൽ മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബുവിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇൻസ്‌പെക്ടർ ആർ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലർച്ചെ റെയിഡ് നടത്തി ഇയാളെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ്‌കുമാർ, സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, സുരേഷ്ബാബു, നന്ദകുമാർ, അക്ഷയ് സുരേഷ്, ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ ദിവസം ഞാണ്ടൂർകോണത്ത് ഡ്രൈ ഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടിയിരുന്നു. ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻ നായരുടെ (52) വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരം പിടികൂടിയത്. ആഡംബര വീട്ടിലെ രഹസ്യ അറകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. 200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്. മുന്തിയ ഇനം വിദേശ മദ്യം ഉൾപ്പെടെ 12 ഇനം ബ്രാന്‍ഡുകൾ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം