ഇടുക്കി: ഇടുക്കി കമ്പിളികണ്ടത്ത് ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ അനുജൻ ചേട്ടനെ അമ്മിക്കല്ലിന് അടിച്ചുകൊന്നു. കമ്പിളികണ്ടം സ്വദേശി ജോസഫാണ് മരിച്ചത്. അനുജൻ ജോഷ്വയെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മിക്കല്ല് കൊണ്ടുള്ള അടിയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോസഫിനെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവിംഗ് പരിശീലനം കഴിഞ്ഞ് ജോസഫ് വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ അനുജൻ ജോഷ്വ ടിവി കാണുകയായിരുന്നു. തുടര്‍ന്ന് ചാനൽ മാറ്റാൻ ജോസഫ് ആവശ്യപ്പെട്ടുവെങ്കിലും ജോഷ്വ തയ്യാറായില്ല. ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് ജോഷ്വ പുറത്ത് പോകുകയും അമ്മിക്കല്ലുമായി മടങ്ങിയെത്തി ജോസഫിനെ ആക്രമിക്കുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. ജോഷ്വ തന്നെയാണ് അയല്‍വീട്ടിലെത്തി ജോസഫിനെ പരിക്ക് പറ്റിയ വിവരം അറിയിച്ചത്.

തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ജോസഫിന്‍റെ മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടക്കുമ്പോൾ ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വൃക്ക രോഗിയായ അച്ഛന്‍റെ ചികിത്സയ്ക്കായി കുടുംബാംഗങ്ങളെല്ലാവരും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ ജോഷ്വയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.