ദില്ലി: അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ  കൊന്ന്, മൃതദേഹം വെട്ടിനുറുക്കി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദില്ലി സ്വദേശിയായ 33 കാരനായ അഷു കഴിഞ്ഞ ദിവസമാണ് ഭാര്യയെ കൊന്നതിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞത്. താന്‍ ഒറ്റയ്ക്ക് കൃത്യം നടത്തിയെന്നായിരുന്നു അഷു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ അഷുവിന്‍റെ സഹോദരനും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. 

മൃതദേഹം വെട്ടിനുറുക്കാന്‍ അഷുവിനെ സഹായിച്ചത് സഹോദരനാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. എന്നാല്‍ സംഭവത്തിന് ശേഷം സഹോദരന്‍ തരുണ്‍ ഒളിവിലാണ്. ഭാര്യാമാതാവുമായി അഷു നടത്തിയ, റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണമാണ് തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. ഭാര്യ സീമയെ കൊന്നതിനുശേഷം അഷു സീമയുടെ അമ്മയെ ഫോണില്‍ വിളിച്ച് സീമയെ കൊന്നുവെന്ന് കുറ്റസമ്മതെ നടത്തി. നാല് ഫോണ്‍ കോളുകളാണ് അഷു കൃത്യം നടത്തിയ ശനിയാഴ്ച   രാത്രി 9നും അര്‍ദ്ധരാത്രിക്കുമിടയില്‍ വിളിച്ചത്. 

ആദ്യത്തെ കോളില്‍ സീമ തന്നെ ചതിച്ചുവെന്നും അവളെ കൊന്നുവെന്നുമാണ് അഷു പറഞ്ഞത്. എന്നാല്‍ ഇത് സീമയുടെ അമ്മ അത്രകാര്യമായി എടുത്തില്ല. എങ്ങനെയാണ് മകളെ കൊന്നതെന്നും ഇനിയെന്താണ് ചെയ്യാന്‍ പോകുന്നതെന്നുമെല്ലാമാണ് തമാശ രൂപേണെ സീമയുടെ അമ്മ അഷുവിനോട് തിരിച്ചുചോദിച്ചത്.  സീമയുടെ മൃതദേഹം വെട്ടിനുറുക്കി സെപ്റ്റിക് ടാങ്കിലിടാനാണ് പദ്ധതിയെന്നായിരുന്നു അഷുവിന്‍റെ മറുപടി. 

Read More: ഭാര്യയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി യുവാവ് ഡ്രൈനേജ് ടാങ്കില്‍ തള്ളി

പിന്നീട് അഷു സഹോദരന്‍ തരുണിനെ വിളിച്ച് സീമയെ കൊന്നുവെന്ന് വ്യക്തമാക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മൃതദേഹം വെട്ടിനുറുക്കാനുള്ള കത്തിയുമായി തരുണ്‍ എത്തി.  രണ്ടുപേരും ചേര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി സെപ്റ്റിക് ടാങ്കില്‍ തള്ളി.  രണ്ടുപേരും ചേര്‍ന്ന് കൊലപാതകം നടന്ന സ്ഥലം വൃത്തിയാക്കി. വസ്ത്രങ്ങള്‍ അലക്കി, കുളിച്ച് കൊലപാതകത്തിന്‍റെ തെളിവുകള്‍ ഇല്ലാതാക്കി. 

വീണ്ടും സീമയുടെ അമ്മയെ വിളിച്ച അഷു വരുണിന്‍റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി സെപ്റ്റിക് ടാങ്കിലിട്ടുവെന്ന് അറിയിച്ചു. അപ്പോഴും ആ ഫോണ്‍ കോള്‍ അവര്‍ കാര്യമാക്കിയില്ല. വീണ്ടും ഫോണില്‍ വിളിച്ച അഷു, സീമയുടെ അമ്മയോട് പൊലീസില്‍ അറിയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അഷുവിന്‍റെ ശബ്ദത്തില്‍ പന്തികേടുതോന്നിയ സീമയുടെ അമ്മ ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാന്‍ തയ്യാറാകാതിരുന്ന അയാള്‍ കിടന്നുറങ്ങി. 

രാവിലെ എഴുന്നേറ്റ സീമയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം അഷുവില്‍ നിന്ന് ലഭിച്ച് ഫോണ്‍ കോളിന്‍റെ കാര്യം മകനെ അറിയിച്ചു. ഉടന്‍തന്നെ സീമയെയും അഷുവിനെയും ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരുടെയും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടര്‍ന്ന് അഷുവിന്‍റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. യാത്രക്കിടയില്‍ അഷുവിന്‍റെ അയല്‍ക്കാരനെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. അയല്‍വാസി അഷുവിനോട് സീമയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചു. ഉടന്‍തന്നെ അഷു പൊലീസ് സ്റ്റേഷനില്‍ പോകുകയും കീഴടങ്ങുകയുമായിരുന്നു.  അതേസമയം തന്നെയാണ് സീമയുടെ മാതാപിതാക്കള്‍ അഷുവിന്‍റെ വീട്ടിലെത്തുന്നതും പൊലീസിനെ വിളിക്കുന്നതും.