Asianet News MalayalamAsianet News Malayalam

​ഗുജറാത്തിലും 'സുകുമാരക്കുറുപ്പ്'; ​ഇൻഷുറൻസ് തട്ടാൻ യാചകനെ കൊന്ന് സ്വന്തം മരണമാക്കി, 17 വർഷത്തിന് ശേഷം പിടിയിൽ

തന്റെ വിഹിതം വാങ്ങി 2006-ൽ അഹമ്മദാബാദിലെത്തിയ അനിൽസിംഗ് ചൗധരി പിന്നീട് ഉത്തർപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോയില്ല. 17 വർഷമായി ഒരിക്കൽപ്പോലും കുടുംബത്തിലെ ഒരാളെയെങ്കിലും ഫോണിൽപ്പോലും ബന്ധപ്പെട്ടില്ല.

Man Kills Beggar with help of family To Fake His Death For Rs 80 Lakh Insurance, arrested after 17 years prm
Author
First Published Nov 9, 2023, 3:01 AM IST

അഹമ്മദാബാദ്: ഇൻഷൂറൻസ് തുക സ്വന്തമാക്കാനായി യാചകനെ കൊലപ്പെടുത്തിയ ശേഷം സ്വന്തം മരണമാക്കി മാറ്റിയ 39കാരനെ 17 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. പുതിയ പേരും മേൽവിലാസും തരപ്പെടുത്തി താമസിച്ച ഉത്തർപ്രദേശ് സ്വദേശി അനിൽസിംഗ് വിജയ്പാൽസിംഗ് ചൗധരിയെയാണ് അഹമ്മദാബാദിൽ നിന്ന് അറസ്റ്റ് ചെയ്തത്. യാചകനെ കൊലപ്പെടുത്തിയ ശേഷം താനാണ് മരിച്ചതെന്ന് ബോധിപ്പിച്ച് ഇൻഷുറൻസ് തുകയായ 80 ലക്ഷം രൂപ ഇയാൾ ക്ലെയിം ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അഹമ്മദാബാദ് നഗരത്തിലെ നിക്കോൾ പ്രദേശത്ത് നിന്ന് അനിൽസിംഗ് വിജയ്പാൽസിംഗ് ചൗധരിയെ പിടികൂടിയതായി പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഭട്ട-പർസൗൾ ഗ്രാമമാണ് ഇയാളുടെ സ്വദേശം. 

2006 ജൂലൈ 31നാണ് സംഭവം. ആഗ്രയിലെ രകബ്ഗഞ്ച് പൊലീസ് സ്‌റ്റേഷനിൽ അപകട മരണ റിപ്പോർട്ട് ചെയ്യപ്പെട്ടു. അപകടത്തിൽ കാർ കത്തുകയും ഡ്രൈവർ തീപിടുത്തതിൽ  മരിക്കുകയും ചെയ്തെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കൊല്ലപ്പെട്ടത് തന്റെ അനിൽസിംഗ് ചൗധരിയാണെന്ന് പിതാവ് തിരിച്ചറിഞ്ഞതോടെ മൃതദേഹം വിട്ടുകൊടുത്തു. 

അനിൽസിംഗ് ചൗധരി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും രാജ്കുമാർ ചൗധരി എന്ന പുതിയ പേരിൽ നിക്കോൾ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും അടുത്തിടെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചു. തുടർന്നാണ് നാടകീയമായ അറസ്റ്റ്. താനും പിതാവും ചേർന്ന് അപകട ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നെന്ന് അനിൽസിംഗ് ചൗധരി പൊലീസിനോട് സമ്മതിച്ചു. പദ്ധതി പ്രകാരം അനിൽസിംഗ് ചൗധരി 2004ൽ അപകട മരണ ഇൻഷുറൻസ് പോളിസി എടുക്കുകയും പിന്നീട് ഒരു കാർ വാങ്ങുകയും ചെയ്തു. 

പിന്നീട്, അനിൽസിംഗ് ചൗധരിയും പിതാവും സഹോദരങ്ങളും തീവണ്ടികളിൽ ഭിക്ഷ യാചിക്കുന്ന യാചകനെ ഭക്ഷണം വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടി. ആഗ്രയ്ക്കടുത്തുള്ള ഹോട്ടലിൽ അവർ യാചകനെ കൊണ്ടുപോയി മയക്കമരുന്ന് കലർത്തിയ ഭക്ഷണം നൽകി ബോധരഹിതനാക്കി.  അബോധാവസ്ഥയിലായ യാചകനെ പ്രതികൾ കാറിൽ കയറ്റി ബോധപൂർവം കാർ വൈദ്യുതത്തൂണിൽ ഇടിപ്പിച്ച് വാഹനാപകടമുണ്ടാക്കി. പിന്നീട് യാചകനെ ഡ്രൈവർ സീറ്റിൽ ഇരുത്തി കാറിന് തീവെക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അനിൽസിംഗ് ചൗധരിയുടെ പിതാവ് വിജയ്‌പാൽസിംഗ് മൃതദേഹം മകന്റേതാണെന്ന് തിരിച്ചറിഞ്ഞ് ഗൗതം ബുദ്ധ നഗർ ജില്ലയിലെ സ്വന്തം ഗ്രാമത്തിൽ സംസ്‌കരിച്ചു. പിന്നീട് വിജയ്‌പാൽസിംഗ് ചൗധരി തന്റെ മകന്റെ അപകട മരണ ഇൻഷുറൻസ് ഇനത്തിൽ 80 ലക്ഷം രൂപ സ്വന്തമാക്കുകയും പണം കുടുംബാംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

തന്റെ വിഹിതം വാങ്ങി 2006-ൽ അഹമ്മദാബാദിലെത്തിയ അനിൽസിംഗ് ചൗധരി പിന്നീട് ഉത്തർപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോയില്ല. പേര് രാജ്കുമാർ ചൗധരി എന്നാക്കി മാറ്റി ഡ്രൈവിംഗ് ലൈസൻസും ആധാർ കാർഡും സ്വന്തമാക്കി. ഉപജീവനത്തിനായി അദ്ദേഹം ഓട്ടോയും പിന്നീട് ഒരു കാറും ബാങ്ക് വായ്പയെടുത്ത് വാങ്ങി. പിടിയിലാകാതിരിക്കാൻ അനിൽസിംഗ് ചൗധരി 17 വർഷമായി ഒരിക്കൽപ്പോലും കുടുംബത്തിലെ ഒരാളെയെങ്കിലും ഫോണിൽപ്പോലും ബന്ധപ്പെട്ടില്ല. 

Follow Us:
Download App:
  • android
  • ios