ദില്ലി: നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടിട്ടും മറുപടി പറയാത്തതിൽ ​ക്ഷുഭിതനായ മകൻ അമ്മയെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ദില്ലിയിലെ ജ്യോതി ന​ഗറിലാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന മകൻ അശുതോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഒക്ടോബർ 17 ന്  ശിക്ഷാ ദേവി എന്ന സ്ത്രീയെ ഗുരു തേഗ് ബഹാദൂർ (ജിടിബി) ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവ ദിവസം മുതൽ അശുതോഷിനെ കാണാനില്ലെന്ന് പൊലീസ് കണ്ടെത്തി. ​ഗുരുതരമായി പരിക്കേറ്റ ശിക്ഷാ ദേവി തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

അന്വേഷണത്തിനിടെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഉത്തർപ്രദേശിലെ മോദി നഗറിൽ നിന്നും അശുതോഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൂജ നടത്തുകയായിരുന്ന അമ്മയോട്  പണം ആവശ്യപ്പെട്ടുവെന്നും എന്നാൽ മറുപടി പറയാൻ തയ്യാറാകാത്തതോടെ ക്ഷുഭിതനായ അശുതോഷ് ഇരുമ്പ് വടികൊണ്ട് നിരവധി തവണ അമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അശുതോഷ് കുറ്റം സമ്മതിച്ചു.