കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതിയായ ഫിറോസ് അലി പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ വെട്ടിക്കൊലപ്പെടുത്തി. പ്രതിയായ ഫിറോസ് അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ജോനായിയിലെ തേലാം ബസാർ പ്രദേശത്താണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. ഫിറോസ് അലി കുടുംബാംഗങ്ങളായ നാല് പേരെയും കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫിറോസിന്‍റെ ഭാര്യ ചിനുവാര ബീഗം (33), മക്കളായ നെയ്ന അക്തർ (13), സഖിൽ അലി (8), റിജിക (5) എന്നിവരാണ് കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

രാവിലെ കൊലപാതക വിവരം അറിഞ്ഞ ഉടൻ തന്നെ പ്രദേശവാസികൾ തടിച്ചുകൂടുകയും പ്രതിയായ ഫിറോസ് അലിയെ പിടിച്ച് സമീപത്തെ മരത്തിൽ കെട്ടയിടുകയുമായിരുന്നു. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അറസ്റ്റ് ചെയ്തു. ഗാംചുക്ക് പ്രൈമറി സ്കൂളിലെ അധ്യാപകനായ പ്രതിക്ക് പ്രതിമാസം 10,000 രൂപ മാത്രമാണ് ശമ്പളമായി ലഭിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവുമാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. 10,000 രൂപ മാസവരുമാനം കൊണ്ട് കുടുംബം പുലർത്താൻ സാധിക്കാത്തതിനാലാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതി മൊഴി നൽകി.

സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാല് പേരുടെയും കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.