ഭോപ്പാല്‍: മദ്യത്തിന്‍റെ ലഹരിയില്‍ പിതാവ് എട്ട് വയസ്സ് പ്രായമുള്ള മകളെ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ നീമുച്ച് നഗരത്തിലാണ് സംഭവം നടന്നത്. ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ലഭിച്ച അജ്ഞാതന്‍റെ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 

''എന്നും രാത്രിയില്‍ മദ്യപിച്ചെത്തുന്ന ഇയാള്‍ മകളെ മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് ലഭിച്ച കോളില്‍ അ‍ജ്ഞാതന്‍ വ്യക്തമാക്കിയത്. പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് അവരുടെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്താനായത്. ''  - ചീഫ് സൂപ്രണ്ട് ഓഫ് പൊലീസ് രാകേഷ് മോഹന്‍ ശുക്ല പറഞ്ഞു.

തനിക്കുനേരെയുണ്ടായ ആക്രമണം പെണ്‍കുട്ടി കൗണ്‍സിലറോട് വ്യക്തമാക്കുകയും ഇവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. കുട്ടിയെ വൈദ്യപരിശോധന നടത്തിയതോടെ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. കുട്ടിയുടെ പിതാവിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.