മുംബൈ: മുപ്പത്തിയാറുകാരനായ യുവാവിനെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി അഞ്ചംഗ സംഘം. നവി മുംബൈ വാഷിയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ക്രൂരമായ പീഡനത്തിന് ഇരയായ യുവാവിനെ വിവിധ ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയതായി പൊലീസ് അറിയിച്ചു. അഞ്ചംഗ സംഘത്തിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് തങ്ങളെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:  വീട്ടിലേക്ക് പോകും വഴി സിഗരറ്റ് വാങ്ങാനായി നിര്‍ത്തിയതായിരുന്നു യുവാവ്. ഇവിടെ നിന്ന് തട്ടിക്കൊണ്ട് പോയ അഞ്ചംഗ സംഘം  മരക്കൂട്ടത്തിന് പിന്നില്‍ വച്ച് ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഗുരുതരമായ നിലയില്‍ പ്രവേശിപ്പിച്ച യുവാവിനെ വിവിധ ശസ്ത്രക്രിയകള്‍ക്ക് ഉടന്‍ വിധേയനാക്കി.

ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. യുവാവിന്‍റെ ബന്ധുക്കള്‍ സമീപിച്ചതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.

സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ് ആക്രമിച്ചതെന്നാണ് ഇരയായ യുവാവ് മൊഴി നല്‍കിയത്. ഇവര്‍ ലഹരിക്ക് അടിമപ്പെട്ട ബോധമില്ലാത്ത അവസ്ഥിയിലായിരുന്നുവെന്നും മൊഴിയിലുണ്ട്.