ബിസിനസ് തുടങ്ങാന്‍ ആവശ്യപ്പെട്ട പണം ഭാര്യവീട്ടുകാര്‍ നല്‍കാത്തതിന്‍റെ വൈരാഗ്യത്തില്‍ യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.

ബദ്‍ലാപുര്‍: ബിസിനസ് തുടങ്ങാന്‍ ഭാര്യയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ട 1.50 ലക്ഷം രൂപ ലഭിക്കാത്തതിന്‍റെ വൈരാഗ്യത്തില്‍ ഭാര്യയെ യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബദ്‍ലാപുരില്‍ ചൊവ്വാഴ്ചയാണ് 28കാരനായ തുഷാര്‍ സാമ്പ്രെ ഭാര്യ കാഞ്ചനെ കയര്‍ കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

ഒരു വര്‍ഷം മുമ്പ് ജോലി ഉപേക്ഷിച്ച സാമ്പ്രെ ഇപ്പോള്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ചൊവ്വാഴ്ച രാത്രി കാഞ്ചനും സാമ്പ്രെയും കാഞ്ചന്‍റെ വീട്ടില്‍ എത്തിയിരുന്നു. കാഞ്ചന്‍റെ വീട്ടിലെത്തിയ സാമ്പ്രെ ബിസിനസ് തുടങ്ങുന്നതിനായി 1.50 ലക്ഷം രൂപ ആവശ്യപ്പെട്ടതായി കാഞ്ചന്‍റെ പിതാവ് കാശിനാഥ് നിര്‍ഗുഡെ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

പണം നല്‍കാത്തതിന്‍റെ വൈരാഗ്യത്തില്‍ വീട്ടിലെത്തിയ സാമ്പ്രെ കാഞ്ചനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കുകയായിരുന്നു. പിന്നീട് കാഞ്ചന്‍റെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച ഇയാള്‍ കുടുംബ പ്രശ്നങ്ങള്‍ മൂലം കാഞ്ചന്‍ ആത്മഹത്യ ചെയ്തെന്ന് ഇവരോട് പറഞ്ഞു. എന്നാല്‍ പോസ്റ്റ്‍മോര്‍ട്ടത്തില്‍ തൂങ്ങി മരിച്ചതല്ലെന്നും കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും കണ്ടെത്തി.

ഇതോടെ പണം നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടിലുണ്ടായ വഴക്കിനെ കുറിച്ച് കാഞ്ചന്‍റെ മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സാമ്പ്രെയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാഞ്ചന്‍റെ വീട്ടുകാരെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി അസിസ്റ്റന്‍റ് പൊലീസ് ഇന്‍സ്പെക്ടര്‍ എച്ച് ഗവിത്ത് പറഞ്ഞു.