പത്തനംതിട്ട കോന്നി പയ്യനാമണ്ണിലാണ് സംഭവം. പയ്യനാമൺ സ്വദേശി സോണിയാണ് ഭാര്യ റീനയെയും ഏഴ് വയസുള്ള മകൻ റയാനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ഭാര്യയെയും ഏഴ് വയസുള്ള മകനേയും വെട്ടി കൊന്ന (Murder) ശേഷം ഗ്യഹനാഥൻ ആത്മഹത്യ (Suicide) ചെയ്തു. പയ്യനാമൺ സ്വദേശി സോണി ശാമുവൽ ഭാര്യ റീന മകൻ റയാൻ എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് നിഗമനം.
നാടിനെ നടുക്കിയ അതിദാരുണ സംഭവം ഇന്ന് രാവിലെയാണ് പുറത്തറിഞ്ഞത്. രണ്ട് ദിവസം മുമ്പാണ് സോണി ശാമുവൽ ഭാര്യയെയും മകനെയും വെട്ടി കൊന്ന ശേഷം വീട്ടിൽ തൂങ്ങി മരിച്ചത്. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് അടുത്ത ബന്ധു വീട്ടിലെത്തി നോക്കിയപ്പോഴാണ് മൂന്ന് പേരുടേയും മൃതദേഹം കണ്ടത്. വീട് അടച്ചിട്ട നിലയിലായിരുന്നതിനാൽ നാട്ടുകാരും സംഭവം അറിഞ്ഞില്ല.
വിദേശത്ത് വ്യവസായി ആയിരുന്നു സോണി രണ്ട് കൊല്ലം മുമ്പാണ് നാട്ടിലെത്തിയത്. വ്യവസായത്തിന് നിക്ഷേപിച്ച പണം കബളിപ്പിക്കപ്പെട്ടതിനെ തുടർന്ന് സോണി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പിന്നീട് വിഷാദരോഗം ബാധിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു.
Also Read: തൊഴുത്തിലെ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലി തര്‍ക്കം; വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു

കുട്ടികൾ ഇല്ലാത്തതിനെ തുടർന്ന് അഞ്ച് വർഷം മുമ്പ് മകൻ റയാനെ ദത്തെടുത്തതാണ്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മദ്കർ മഹാജന്റെ നേതൃത്വത്തിൽ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം അടക്കമുള നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
