യുവതി കുളിക്കുന്ന സമയത്ത് കുളിമുറിയുടെ ചില്ലിളക്കി മാറ്റി ആരോ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. ശ്രീകാര്യത്തുള്ള ഫിനാന്‍സ് മാനേജ്മെന്‍റ് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിനായെത്തിയ യുവതിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.  

തിരുവനന്തപുരം: ശ്രീകാര്യത്ത് പരിശീലനത്തിനായി വന്ന കെഎസ്എഫ്ഇ ജീവനക്കാരി കുളിക്കുന്ന ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതായി പരാതി. മാങ്കുഴിയിലെ അപ്പാര്‍ട്മെന്‍റിലാണ് സംഭവം നടന്നത്. ശ്രീകാര്യത്തുള്ള ഫിനാന്‍സ് മാനേജ്മെന്‍റ് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിനായെത്തിയ യുവതിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. 

വിവധ ജില്ലകളില്‍ നിന്ന് 20 സ്ത്രീകളും 10 പുരുഷന്മാരുമടങ്ങുന്ന സംഘത്തിന് ശ്രീകാര്യത്തുള്ള ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നടന്നുവരികയായിരുന്നു. ഇവര്‍ക്ക് താമസിക്കാനായി ബുക്ക് ചെയ്ത് മാങ്കുളത്തെ അപ്പാര്‍ട്മെന്‍റില്‍ കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. യുവതി കുളിക്കുന്ന സമയത്ത് കുളിമുറിയുടെ ചില്ലിളക്കി മാറ്റി ആരോ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. 

ജനാലയ്ക്കടുത്ത് മൊബൈല്‍ ക്യാമറ കണ്ട യുവതി നിലവിളിച്ചുകൊണ്ട് ഓടി കൂടെ ഉണ്ടായിരുന്നവരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി. സംഘത്തിലുണ്ടായിരുന്ന പുരുഷന്മാര്‍ ഉള്‍പ്പടെ ഉള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.