ഇടുക്കി: മാങ്കുളത്ത് യുവതിയുടെയും കുട്ടിയുടെയും മുമ്പിൽ മധ്യവയസ്കനെ വെട്ടിക്കൊന്ന കേസ് പ്രതി അറസ്റ്റിൽ. മാങ്കുളം ചിക്കണാം കുടിയിൽ പുല്ലാട്ടു വീട്ടിൽ യൂസഫ് മകൻ ഇക്ബാൽ [51] നെയാണ് മൂന്നാർ സിഐ സുമേഷ് സുധാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

ഞയറാഴ്ച 11 മണിക്കാണ് മുൻ വൈരാഗ്യത്തിൻ്റെ പേരിൽ ഇക്ബാൽ 54കാരനായ ലഷ്മണനെ വെട്ടി ക്കൊലപ്പെടുത്തിയത്. അബ്കാരി കേസിൽ നേരത്തെ ലക്ഷ്മണനും ഇക്ബാലും ഒളിവിലായിരുന്നു.  ലക്ഷ്മണനാണ് തൻ്റെ പേര് പൊലീസിന് നൽകിയതെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. 

ലക്ഷ്മണനെ കൊലപ്പെടുത്തിയ ശേഷം ഇയാളൊടൊപ്പം താമസിച്ചിരുന്ന യുവതിയേയും ആറു മാസം പ്രായമുള്ള കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണി മുഴക്കി ഭീകരാന്തരീക്ഷമുണ്ടാക്കിയ ഇക്ബാൽ ഒളിവിൽ പോവുകയായിരുന്നു. മൂന്നാർ സിഐ സുമേഷ് സുധാകരൻ്റെ നേത്യത്വത്തിൽ സമീപത്ത് നടത്തിയ തിരച്ചാലിലാണ് പ്രതിയെ പിടികൂടിയത്. 

ഇയാളെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കും. എസ്ഐമാരായ മാഹിൻ, നൗഷാദ്, ഷാജി, എ എസ് ഐമാരായ ഷാജി, രാധാകൃഷ്ണൻ, സിവിൽ ഓഫീസർമാരായ ഷിഹാബ്, വേണുഗോപാൽ, സിദ്ദിഖ്, സി ബിൻ, അലിയാർ, ബിജു, റസാഖ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.