ഹൈദരാബാദ്: മകളുടെ ഭര്‍ത്താവിനെ ഒരു കോടി ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ മാരുതി റാവു മരണപ്പെട്ട നിലയില്‍. 2018 ല്‍ തെലങ്കാനയെ നടുക്കിയ പ്രണയ് പെരുമല്ല കൊലക്കേസ് പ്രതിയാണ് ഹൈദരാബാദിലെ കൈര്‍ത്താബാദിലെ ആര്യ വൈശ്യ ഭവനിലെ 306 നമ്പര്‍ മുറിയില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്. മുറി വൃത്തിയാക്കുവാന്‍  എത്തിയവരാണ് മൃതദേഹം കണ്ടത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും, ഇപ്പോള്‍ നിഗമനത്തില്‍ എത്താന്‍ സാധിക്കില്ലെന്നുമാണ് സെയ്ഫാബാദ് എസിപി വേണു ഗോപാല്‍ റെഡി പറയുന്നത്. ഇയാള്‍ എന്തിനാണ് ഹൈദരാബാദ് വന്നത് എന്നതും വ്യക്തമല്ല. അതേ സമയം മൃതദേഹം ഓസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. പ്രഥമിക പരിശോധനയില്‍ ആത്മഹത്യയായിരിക്കാം എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

2018 സെപ്തംബറിലാണ് മാരുതി റാവുവിന്‍റെ മകള്‍ അമൃതയുടെ ഭര്‍ത്താവ് പ്രണയ് കൊല്ലപ്പെടുന്നത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കാണിച്ച് തിരിച്ചിറങ്ങുമ്പോള്‍ ഒരു സംഘം വെട്ടിയും അടിച്ചും പ്രണയിയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നടത്തിയ പൊലീസ് അന്വേഷണത്തില്‍ ഇത് ഒരു ദുരഭിമാന കൊലയാണെന്ന് വെളിപ്പെട്ടു. കൊലയുടെ ദൃശ്യങ്ങള്‍ അന്ന് രാജ്യത്തെ നടുക്കി. ഏറെ വിവാദവും ഉണ്ടാക്കി. ഒരു കോടി രൂപയ്ക്കാണ് കൊലനടത്താന്‍ മാരുതി റാവു കൊലയാളികളെ വാടകയ്ക്ക് എടുത്തത് എന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിവായത്. കേസ് വിചാരണഘട്ടത്തിലാണ്.

വൈശ്യ സമുദായ അംഗമായ റാവുവിന്‍റെ മകള്‍ അമൃത ദളിത് വിഭാഗമായ മല്ല സമുദായ അംഗമായ പ്രണയിയെ വിവാഹം ചെയ്തതാണ് റാവുവിനെ പ്രകോപിപ്പിച്ചത്. കേസില്‍ റാവുവും, സഹോദരന്‍ ശ്രാവണ്‍ അടക്കം പ്രതികള്‍ക്ക് 2019 ഏപ്രിലില്‍ ജാമ്യം ലഭിച്ചു. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് ഇവര്‍ക്ക് ജാമ്യം കിട്ടാന്‍ കാരണം. ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

അതേ കഴിഞ്ഞ ദിവസം മാരുതി റാവുവിന്‍റെതെന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്തിലെ ഷെഡ്ഡില്‍ നിന്നും ഒരു മൃതദേഹം കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.  ഇതുവരെ ഈ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അതിനിടെയാണ് മാരുതി റാവു മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്.