തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളേജ് ഡോക്ടർ അറസ്റ്റിൽ. അസ്ഥിരോഗ വിഭാഗം മേധാവി ഡോ. കെ ബാലഗോപാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്

തൃശ്ശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളേജ് ഡോക്ടർ അറസ്റ്റിൽ(Doctor arrested for bribery). അസ്ഥിരോഗ വിഭാഗം മേധാവി ഡോ. കെ ബാലഗോപാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് അറസ്റ്റ്. തൃശ്ശൂർ സ്വദേശിയായ മുപ്പത്തിരണ്ടുകാരന്റെ പരാതിയെത്തുടന്നാണ് വിജിലൻസിന്റെ നടപടി. 

ഇയാളുടെ അച്ഛന്റെ കാൽമുട്ട് ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർ 20000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും പണം നൽകാത്തതിനാൽ ഡിസ്ചാർജ് നൽകിയില്ല. തുടച്ചയായി ആവശ്യപ്പെട്ടിട്ടും ഡിസ്ചാർജ് അനുവദിച്ചില്ല. ഇതിനെത്തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിയ്യൂരിലെ വീട്ടിലെത്തി പണം നൽകാനായിരുന്നു ഡോക്ടറുടെ നിർദേശം. 

ഇത് പ്രകാരം പണം കൈമാറുമ്പോഴാണ് വിജിലൻസ് ഡോ. ബാലഗോപാലിനെ കയ്യോടെ പിടികൂടിയത്.വിജിലൻസ് ഡിവൈഎസ്പി പിഎസ് സുരേഷിന്റെ നേതൃത്ത്വത്തിലായിരുന്നു അറസ്റ്റ്. ഡോ. ബാലഗോപാലിനെതിരെ നേരത്തെയും നിരവധഘി പരാതികൾ ഉള്ളതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഞ്ചാവ് ലഹരിയിൽ യുവാക്കളുടെ ആക്രമണം; വനിതാ കോൺസ്റ്റബിളിന്റെ നെഞ്ചിൽ ചവിട്ടി

കഞ്ചാവ് ലഹരിയിലായിരുന്ന രണ്ട് യുവാക്കളുടെ ആക്രമണത്തിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കൊല്ലത്ത് അഞ്ചാലുംമൂട് ജങ്ഷനിൽ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ആക്രമണത്തിൽ സൂരജ് (23), ശരത്ത് (23) എന്നിവരെ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയോടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അഞ്ചാലുംമൂട് ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുന്നില്‍വെച്ച് പൂക്കട നടത്തുന്ന അജി എന്നയാളുടെ കാറില്‍ ഇടിച്ചതാണ് സംഭവത്തിന് തുടക്കം. വണ്ടി ഇടിച്ചതിനെ ചോദ്യം ചെയ്ത അജിയെ സൂരജും ശരത്തും മർദ്ദിച്ചു.

ഇവരുടെ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് അജിയുടെ തലയടിച്ച് പൊട്ടിച്ചു. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃക്കരുവ സ്വദേശി ഉല്ലാസ് എന്നയാളുടെ കാലിൽ ഇടിച്ചു. ബൈക്കുമായി രക്ഷപ്പെടുന്നതിനിടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയും പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു.

സ്റ്റേഷനിലെത്തിച്ചപ്പോൾ ഇരുവരും അവിടെവച്ചും അക്രമോത്സുകരായി.ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ വനിതാ പൊലീസ് ഓഫീസർ അജിമോളുടെ നെഞ്ചിൽ ചവിട്ടുകയും യൂണിഫോം പിടിച്ച് വലിക്കുകയും ചെയ്തു. സ്റ്റേഷനിൽ 5000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കി. തലയ്ക്ക് പരിക്കേറ്റ അജി, കാലിന് പരിക്കേറ്റ ഉല്ലാസ്, നെഞ്ചിൽ ചവിട്ടേറ്റ പൊലീസ് ഓഫീസർ അജിമോൾ എന്നിവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകി.