ജയ്പൂർ: രാജസ്ഥാനിൽ 14കാരൻ സുഹൃത്തിനെ അതിക്രൂരമായി അടിച്ചുകൊന്നു. പബ്ജി കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനാണ് സുഹൃത്തിനെ മൃ​ഗീയമായി അടിച്ചുകൊന്നത്. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ ​ഗ്രാമത്തിലാണ് സംഭവം നടന്നത്. നവംബർ 9നായിരുന്നു 14കാരൻ 17കാരനെ ആക്രമിച്ചത്.  മൊബൈൽ ഫോൺ നൽകാത്തതിന് വലിയൊരു കല്ല് ഉപയോ​ഗിച്ചാണ് 14 കാരൻ സുഹൃത്തിനെ ആക്രമിച്ചത്. 

രാജസ്ഥാനിലെ ഒരു കുന്നിൻ മുകളിൽ നിന്ന് നവംബർ 11 നാണ് 17കാരൻ ഹമീദിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ദുരൂഹ സാഹചര്യത്തിലാണ് ഭേർവാലി കുന്നിൻ മുകളിൽ വച്ച് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് 48 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി. 

ഹമീദിന്റെ പിതാവ് റാഷിദ് നൽകിയ പരാതിയിൽ മാതാവ് റുക്മ ദേവിക്കൊപ്പം പോയ കുട്ടി, തിരിച്ചുവന്നില്ലെന്ന് വ്യക്തമാക്കിയിരിന്നു. വൈകീട്ടും ഹമീദ് തിരിച്ചുവന്നില്ല. ഫോണിൽ പലതവണ വിളിക്കാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാനായില്ല. അടുത്തുള്ള സ്ഥലത്തെല്ലാം അന്വേഷിച്ചെങ്കിലും ബന്ധുക്കൾക്ക് ഹമീദിനെ കണ്ടെത്താനായില്ല. 

ഹമീദിന്റെ ഫോൺ സംഭവസ്ഥലത്തുനിന്ന് കാണാനില്ലെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഫോൺ പരിശോധിച്ചതോടെ സുഹൃത്തിനൊപ്പം പബ്ജി കളിക്കാറുണ്ടെന്ന് കണ്ടെത്തി. പബ്ജി കളിക്കാൻ ഫോൺ നൽകാത്തതിനെ തുടർന്ന് 14കാരൻ ഹമീ​ദിനെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.