തിരുവനന്തപുരം: പതിനഞ്ച് ദിവസം മുമ്പ് നെടുമങ്ങാട് നിന്ന് കാണാതായ 16 വയസുകാരിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. ഇന്നലെ രാത്രിയോട് കൂടിയാണ് കുട്ടിയുടെ അമ്മയുടെ സുഹൃത്തിന്‍റെ വീട്ടിന് മുന്നിലെ പൊട്ടക്കിണറ്റിൽ മൃതദേഹം ഉള്ളതായി കണ്ടെത്തിയത്. ഇന്ന് രാവിലെ പൊലീസ് സംഘം സ്ഥലത്തെത്തി ശരീരം പുറത്തെടുത്തു. കാരാന്തല സ്വദേശി മീരയാണ് മരിച്ചത്.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .മൃതദേഹത്തിന് പത്ത് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു. അമ്മ മഞ്ജുഷയേയും സുഹൃത്ത് അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

മകൾ ഒളിച്ചോടിയതാണെന്നും കുട്ടിയെ തേടി താൻ തിരുപ്പതിയിൽ വന്നിരിക്കുകയാണെന്നും കഴിഞ്ഞ 13ന് മഞ്ജുഷ വീട്ടിൽ വിളിച്ചറിയിച്ചത്. അമ്മയെക്കുറിച്ചും പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ മഞ്ജുഷയുടെ അച്ഛൻ 17ന് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിനൊടുവിൽ അമ്മയേയും ഇടമല സ്വദേശി അനീഷിനെയും തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി.

കുട്ടിയെ കുറിച്ചുളള ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് അമ്മ നൽകിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കുട്ടി ആത്മഹത്യ ചെയ്തെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. വഴക്കുപറ‍ഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം ബൈക്കിൽ കയറ്റി അനീഷിന്‍റെ വീട്ടിനടുത്ത് എത്തിച്ച് കിണറ്റിൽ കല്ലു കെട്ടി താഴ്ത്തിയെന്നുമാണ് അമ്മയുടെ മൊഴി. എന്നാൽ പൊലീസ് ഇത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.

തുടർന്ന് കിണർ പരിശോധിച്ച് പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.  ശാസ്ത്രീയപരിശോധകൾക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. വീട്ടുജോലിക്കാരിയായ മഞ്ജുഷ ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് താമസിക്കുകയായിരുന്നു. 39കാരിയായ മഞ്ജുഷ 32കാരനായ അനീഷുമായി ഏറെനാളായി അടുപ്പത്തിലായിരുന്നു.  

പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ മരണകാരണവും, മൃതദേഹത്തിന്‍റെ പഴക്കവും അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ. തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്, അത് കൊണ്ട് തന്നെ ഡിഎൻഎ പരിശോധന അടക്കമുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് പൊലീസ്.