തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ദുരൂഹ സാഹചര്യത്തില്‍ യുവാവിന്‍റെ മരണം. വര്‍ക്കല സ്വദേശി ഷൈജുവിന്‍റെ മൃതദേഹമാണ് ശ്രീകാര്യത്തെ സ്വകാര്യ ബാങ്കിനു പിന്നില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സ നടക്കുന്നതിനിടെ ഷൈജുവിനെ കാണാതാവുകയായിരുന്നു. രാവിലെ പത്തു മണിയോടെ ശ്രീകാര്യം ജംഗ്ഷനടുത്തുളള ബാങ്കിന്‍റെ പിന്നില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വര്‍ക്കല സ്വദേശിയായ ഷൈജു സത്യനാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. മൃതദേഹത്തിന്‍റെ മൂക്കില്‍ പരിക്കുണ്ടായിരുന്നു.  രണ്ടു ദിവസം മുമ്പ് നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ ഷൈജു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ അപ്രത്യക്ഷനാവുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴും ഷൈജുവിന്‍റെ മൂക്കിലെ മുറിവ് രേഖപ്പെടുത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു.

യുവാവിന്‍റെ മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍. എങ്കിലും മറ്റ് സാധ്യതകള്‍ പൂര്‍ണമായി തളളിക്കളഞ്ഞിട്ടില്ല. ഷൈജുവിന് പരുക്കേല്‍ക്കാനിടയായ സംഘര്‍ഷത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.