Asianet News MalayalamAsianet News Malayalam

സ്ത്രീവേഷം ധരിച്ച് വിവാഹ പന്തലില്‍; മോഷ്ടാവെന്നാരോപിച്ച് യുവാവിന് മര്‍ദ്ദനം

മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്നാരോപിച്ച് മര്‍ദ്ദിച്ചത്. ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

mob beats up man who dressed female costume at malappuram
Author
Malappuram, First Published May 1, 2019, 10:02 AM IST

മലപ്പുറം: സ്ത്രീ വേഷം ധരിച്ച് വിവാഹപ്പന്തലിലെത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്നാരോപിച്ച് മര്‍ദ്ദിച്ചത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം തുടങ്ങി. ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഷഫീഖിന്‍റെ വാദം.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് പാലക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഒരു സംഘം ആളുകള്‍ തന്നെ നിര്‍ബന്ധിച്ച് സ്ത്രീവേഷം കെട്ടിക്കുകയായിരുന്നു എന്നാണ് ഷഫീഖ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങള്‍ അനാഥാലയത്തില്‍ കൊടുക്കാനാണ് പെരിന്തല്‍മണ്ണയിലെത്തിയത്. ഇതിനിടെ ഒരു സംഘം ആളുകള്‍ ബാഗ് തുറന്ന് ചുരിദാര്‍ എടുക്കുകയും നിര്‍ബന്ധിച്ച് ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഓഡിറ്റോറിയത്തിലേക്ക് കയറ്റി. ഇതിന് ശേഷമായിരുന്നു വിവാഹത്തിനെത്തിയവര്‍ തന്നെ മര്‍ദ്ദിച്ചത് എന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ഷഫീഖ് പറയുന്നത്. 

ഷഫീഫിന്‍റെ വാദം പൊലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. എങ്കില്‍പ്പോലും ഷെഫീഖിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഓഡിറ്റോറിയം ബുക്ക് ചെയ്തവരെ കണ്ടെത്തുകയും ഈ മൊബൈല്‍ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയുമാണ് ലക്ഷ്യം.

Follow Us:
Download App:
  • android
  • ios