സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്
പൂനെ: പൂനെയിലെ ജ്വല്ലറിയിൽ പുതുവത്സര രാവിൽ വമ്പൻ കവർച്ച. ഡിസംബർ 31 ന് രാത്രി ഏവരും ന്യൂ ഇയർ ആഘോഷിക്കുന്ന തക്കം നോക്കി ജ്വല്ലറിയിലെത്തിയ കള്ളൻമാർ ലോക്കർ കാലിയാക്കിയാണ് മടങ്ങിയത്. മൊത്തം മൂന്ന് കോടിയലധികം രൂപയുടെ സ്വർണം നഷ്ടപ്പെട്ടതായാണ് കണക്ക്. പൂനെയിലെ രവിവാർ പേട്ടിനടുത്തുള്ള പ്രമുഖ ജ്വല്ലറിയിലാണ് വമ്പൻ മോഷണം നടന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ മുഴുവൻ ജ്വല്ലറിയിലെ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. 3 കോടിയോളം വിലവരുന്ന 5 കിലോ സ്വർണത്തിനൊപ്പം ക്യാഷ് കൗണ്ടറിൽ നിന്നും 10 ലക്ഷം രൂപയും മോഷണം പോയതായാണ് ജ്വല്ലറി ഉടമ പരാതി നൽകിയിരിക്കുന്നത്.
ശ്രദ്ധക്ക്, അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദ പാത്തി, കേരളത്തിലെ മഴ സാഹചര്യം മാറും! ഇടിമിന്നൽ മഴ സാധ്യത
സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജ്വല്ലറി കുത്തിതുറന്നോ, തകർത്തോ അല്ല മോഷണം നടന്നിരിക്കുന്നത്. ജ്വല്ലറിയിൽ യാതൊരു കേടുപാടുകളും ഇല്ലാതെ മോഷണം നടന്നതിനാൽ ജീവനക്കാർക്ക് ഇതിൽ പങ്കുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജ്വല്ലറിയിൽ കേടുപാടുകളില്ലാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ചാകും മോഷണം നടത്തിയതെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ ജീവനക്കാർക്ക് പങ്കുണ്ടാകാമെന്നാണ് സംശയം. വെള്ള ഹുഡി ധരിച്ചെത്തിയ മോഷ്ടാവ് കൃത്യമായി സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറിനടുത്ത് എത്തുന്നതും ലോക്കറിൽ നിന്നും സ്വർണം എടുത്ത് കയ്യിൽ കരുതിയിരുന്ന വെള്ള ബാഗിലേക്ക് മാറ്റുന്നതുമടക്കമുള്ള കാര്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്.
വീഡിയോ കാണാം
സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ജീവനക്കാരെയടക്കം സംശയമുണ്ടെന്നും പൊലീസ് വിവരിച്ചു. ലോക്കറിൽ ഒരു തരി പോലും സ്വർണ്ണം ബാക്കിവെക്കാതെയാണ് കവർച്ച നടത്തിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത്, അന്വേഷണത്തിനായി പ്രത്യേക ടീമിനെയും രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വിവരിച്ചു. അന്വേഷണം ഊർജ്ജിതമാണെന്നും വൈകാതെ തന്നെ പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതിക്ഷയെന്നും സ്ഥലം എസ് പി ദാദ ചുപ്ത വ്യക്തമാക്കി.
