കാസർകോട്:  പനത്തടിയിൽ 17 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പോക്സോ കേസ് കൂടി. രാജപുരം സ്വദേശിയായ ബസ് ക്ലീനര്‍ക്കെതിരെയും ഓട്ടോ ഡ്രൈവർക്കെതിരെയുമാണ് കേസെടുത്തത്. പീഡനത്തെ തുടർന്ന് ആറ് മാസം ഗർഭിണിയായെന്നെ പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് പനത്തടി സ്വദേശിയായ അറുപത്തിയൊന്നുകാരൻ നേരത്തെ അറസ്റ്റിലായിരുന്നു.

രാജപുരം സ്വദേശി ബാബുരാജ്, പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന ഓട്ടോ ഡ്രൈവർ എന്നിവർക്കെതിരെയാണ് പോക്സോ കേസെടുത്തത്. ബാബുരാജ് ഒരു വർഷം മുമ്പ് കാഞ്ഞങ്ങാട് വിജനമായ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഓട്ടോഡ്രൈവർ മലയോരത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. 

ഇരുവരേയും നിലവിൽ കസ്റ്റ‍ഡിയിലെടുത്തിട്ടില്ല. ഉടൻ അറസ്റ്റുണ്ടാകുമെന്ന് രാജപുരം സിഐ രഞ്ജിത്ത് രവീന്ദ്രൻ അറിയിച്ചു. ഒരാഴ്ച മുമ്പ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പെൺകുട്ടിയെ രക്ഷിതാക്കൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ആറ് മാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പോക്സോ കേസെടുത്തത്. 
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പനത്തടി സ്വദേശിയായ അറുപത്തിയൊന്നുകാരൻ രാഘവനെ അറസ്റ്റ് ചെയ്തു.

സ്വന്തം വീട്ടിൽ വച്ച് ഇയാൾ പലതവണ പീഡിപ്പിച്ചെന്നും ഗർഭിണിയാകാനിടയായത് ഇയാളുടെ പീഡനമാണെന്നുമാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇക്കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്നാണ് മൊഴി നൽകിയതെന്ന് രാജപുരം പൊലീസ് അറിയിച്ചു. പുതിയ കേസുകളുടെ പശ്ചാത്തലത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.