ആദിവാസി സംഘടനയെ പറ്റിച്ച് സ്കോളര്‍ഷിപ്പും ആനുകൂല്യങ്ങളും തട്ടി, ഇരട്ട സഹോദരിമാർക്കും അമ്മയ്ക്കുമെതിരെ കേസ്
ഗില്‍ സഹോദരിമാര്‍ ഇവര്‍ക്ക് ജന്മം നല്‍കിയ മാതാവ് ആദിവാസി വിഭാഗത്തിലാണെന്നും ഇവരെ കരീമ മാഞ്ചി ദത്തെടുത്തതാണെന്നുമായിരുന്നു സത്യവാങ്മൂലം നല്‍കിയത്

ഒന്റാരിയോ: ആദിവാസികള്‍ ചമഞ്ഞ് തദ്ദേശീയ സംഘടനകളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തട്ടിപ്പ് നടത്തിയ വനിതകള്‍ക്കെതിരെ കേസ്. കാനഡയിലാണ് സംഭവം. 25 വയസുള്ള രണ്ട് സഹോദരിമാർ ദത്തെടുത്ത ആദിവാസി കുട്ടികളായി വേഷംമാറി തട്ടിപ്പ് നടത്തിയതായാണ് പൊലീസ് വിശദമാക്കിയത്. അമീറ ഗില്‍, നദിയ ഗില്‍, കരീമ മാഞ്ചി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. സെക്കന്‍ഡ് ഡിഗ്രി വഞ്ചനക്കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
25കാരിയായ ഇരട്ട സഹോദരിമാരായ അമീറയും നദിയയും ഇവരുടെ അമ്മയും 59കാരിയുമായ കരീമ മാഞ്ചിയ്ക്കുമെതിരെയാണ് കേസ് എടുത്തത്. ആദിവാസി വിഭാഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പും ധനസഹായവും ഇവര്‍ അനധികൃതമായാണ് കൈക്കലാക്കിയത്. 2016 ഒക്ടോബര്‍ മുതല്‍ 2022 സെപ്തംബര്‍ വരെയായിരുന്നു തട്ടിപ്പ് നടത്തിയത്. 1993-ലെ നുനാവുട്ട് കരാർ അനുസരിച്ച് ജനസംഖ്യ കുറവുള്ള വടക്കൻ പ്രദേശത്തെ കാനഡയിലെ ആദിവാസി സമൂഹങ്ങളിലുള്ളവര്‍ക്ക് ഗ്രാന്റുകളും സ്കോളർഷിപ്പുകളും പോലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കാൻ കഴിയും. തദ്ദേശീയ പദവിക്കായി രജിസ്ട്രേഷന്‍ ചുമതല വഹിക്കുന്നത് പ്രാദേശികരായിട്ടുള്ള ആദിവാസി വിഭാഗത്തിലുള്ള സംഘടനയാണ്.
ഗില്‍ സഹോദരിമാര്‍ ഇവര്‍ക്ക് ജന്മം നല്‍കിയ മാതാവ് ആദിവാസി വിഭാഗത്തിലാണെന്നും ഇവരെ കരീമ മാഞ്ചി ദത്തെടുത്തതാണെന്നുമായിരുന്നു സത്യവാങ്മൂലം നല്‍കിയത്. ഇത്തരത്തിലുള്ള തട്ടിപ്പ് ആദ്യമായാണ് എന്നാണ് സംഘടന വിശദമാക്കുന്നത്. ഒന്റാരിയോ പ്രവിശ്യയില്‍ താമസിക്കുന്ന ഇരട്ട സഹോദരിമാര്‍ കിറ്റി നോഹ എന്ന ആദിവാസി സ്ത്രീയാണ് അമ്മയാണെന്ന് വിശദമാക്കിയത്. എന്നാല്‍ ഇവര്‍ മരിക്കുന്നതിന് മുന്‍പ് ഇരട്ടകളുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വന്‍ തട്ടിപ്പ് പൊളിഞ്ഞത്. 2021ലാണ് ഒന്റാരിയോയിലെ ക്വീന്‍സ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം ആദിവാസി സമൂഹത്തിന്റെ ഡിസൈനുകളുള്ള മുഖംമൂടികളുടെ ബിസിനസും ഇവര്‍ ആരംഭിച്ചിരുന്നു.
ഇത്രയും കാലം തെറ്റായ വിവരങ്ങള്‍ നല്‍കി തട്ടിയെടുത്ത പണം ഇവര്‍ മൂന്ന് പേരും തിരികെ നല്‍കുന്നതിനൊപ്പം ക്രിമിനല്‍ നിയമ നടപടി നേരിടുകയും വേണമെന്ന് പൊലീസ് വിശദമാക്കി. കോളനിവൽക്കരണത്തിന്റെ മറ്റൊരു രൂപമെന്നാണ് തട്ടിപ്പിനെ സംഘടന വിശേഷിപ്പിക്കുന്നത്. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ മേലിലുള്ള എൻറോൾമെന്റ് മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുകയാണെന്നും അപേക്ഷകർ അവരുടെ ദീർഘകാല ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് നൽകണമെന്നും സംഘടന വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം