ജലന്ധര്‍: മുത്തശ്ശിയോടും മുത്തച്ഛനോടും സ്നേഹക്കൂടുതല്‍ കാണിച്ചതിന് ആറ് വയസ്സുള്ള മകനെ കുത്തിക്കൊന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഞ്ചാബിലെ ജലന്ധറിലെ ഷാഹ്‌കോട്ടിലാണ് ദാരുണമായ സംഭവം നടന്നത്. കുല്‍വീന്ദര്‍ കൗര്‍(30) എന്ന യുവതിയാണ് മകന്‍ അര്‍ഷ്പ്രീതിനെ കുത്തിക്കൊന്ന ശേഷം വീടിന്റെ രണ്ടാംനിലയില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കുല്‍വീന്ദര്‍ കൗര്‍ മകനെ കറിക്കത്തികൊണ്ട് കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്തതായി ഷാഹ്‌കോട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുക്ക്‍വിന്ദര്‍ സിംഗ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ഇറ്റലിയിലാണ് കുല്‍വീന്ദറിന്റെ ഭര്‍ത്താവിന്  ജോലി. ഏറെക്കാലമായി ജലന്ധറില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുല്‍വീന്ദറും മകനും താമസിച്ച് വരുന്നത്. ആറ് വയസ്സുകാരനായ മകന്‍ മിക്കസമയവും മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പമാണ് സമയം ചിലവഴിച്ചിരുന്നത്. ഇതില്‍ യുവതി അസ്വസ്ഥയായിരുന്നു.

അമ്മയായ തന്നെക്കാളും കൂടുതല്‍ മുത്തശ്ശിയെ മകന്‍ സ്‌നേഹിക്കുന്നതും കുല്‍വീന്ദര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തിങ്കളാഴ്ച രാത്രിയും ഭക്ഷണം കഴിച്ചശേഷം മകന്‍ മുത്തശ്ശിയുടെ കിടപ്പുമുറിയിലേക്ക് പോയി. ഇത് കുല്‍വീന്ദറിനെ പ്രകോപിതയാക്കി. ഇതോടെ അവര്‍ മകനെ സ്വന്തം മുറിയിലേക്ക് കൊണ്ടുവരികയും അടുക്കളയില്‍ നിന്നും കറിക്കത്തി എടുത്ത് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. രണ്ട് തവണയാണ് യുവതി മകനെ കത്തികൊണ്ട് കുത്തിയത്. 

കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ മുത്തച്ഛനും  മുത്തശ്ശിയും ചോരയില്‍ക്കുളിച്ച് കിടക്കുന്ന ചെറുമകനെയാണ് കണ്ടത്. ഉടന്‍തന്നെ അവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഇതിനിടെ  കുല്‍വീന്ദര്‍ കൗര്‍ വീടിന്റെ രണ്ടാംനിലയില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്കെതിരെ  കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി  ഷാഹ്‌കോട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുക്ക്‍വിന്ദര്‍ സിംഗ് പറഞ്ഞു.