പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം ഭീമനാട് അമ്മ ഏഴു വയസുകാരനായ മകനെ കുത്തിക്കൊന്നു. ഭീമനാട് വടശ്ശേരിപ്പുറത്ത് സ്വദേശിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ കത്തി കൊണ്ട് കഴുത്തിനു കുത്തി മാരകമായി പരിക്കേൽപ്പിച്ചത്. ചോരവാർന്നാണ് കുഞ്ഞ് മരിച്ചത്. ഇവര്‍ നേരത്തെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. രണ്ടാം ക്ലാസുകാരനായിരുന്നു മുഹമ്മദ്‌ ഇര്‍ഫാൻ. ഒന്‍പതു മാസം പ്രായമുള്ള ഇളയ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് മുഹമ്മദ്‌ ഇര്‍ഫാന്‍  മരിച്ചത് അറിയുന്നത്. 

'അങ്കമാലിയില്‍ അച്ഛൻ കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്‍റെയും അമ്മയുടേയും സംരക്ഷണം ഏറ്റെടുത്ത് വനിതാ കമ്മീഷൻ

യുവതിഇളയ കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. കുട്ടിക്ക് ചെറിയ പരിക്ക് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. അഞ്ചു വര്‍ഷമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ മാനസിക രോഗത്തിന് ചികിത്സയിലാണ് യുവതി. നേരത്തെ എടത്തനാട്ടുകരയിലെ സ്വകാര്യ വിദ്യാലയത്തിലെ അറബിക് അധ്യാപികയായിരുന്നു ഇവർ. ഇൻക്വസ്റ്റിന് പൊലീസെത്തുമ്പോൾ മരിച്ച ഇർഫാനരികിൽ ഇരിക്കുകയായിരുന്നു ഇവർ. കുട്ടിയുടെ അച്ഛന്‍ സക്കീര്‍ ഹുസൈന്‍ ആലുവയില്‍ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. യുവതിയെ വിശദമായ ചോദ്യംചെയ്യലിനും വൈദ്യ പരിശോധനയ്ക്കും വിധേയമാക്കും.