മുംബൈ: യുവതിയെ മൊബൈൽ ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നത് പതിവാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കോളേജ് വിദ്യാർത്ഥിനിയായ യുവതിയെ നിരന്തരം ശല്യപ്പെടുത്തിയ കേസിലാണ് 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

മുംബൈയിലെ വൺറായി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഗണേഷ് തികതെ എന്നയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു അറസ്റ്റ്.

അന്ധേരിയിലെ ഒരു ഹോസ്റ്റലിൽ ജീവനക്കാരനായ തികതെ സാകിനക പ്രദേശത്താണ് താമസിച്ചിരുന്നത്. ഗോറേഗാവിലെ കോളേജിൽ പ്രവേശനത്തിന് വന്നപ്പോഴാണ് പ്രതി പെൺകുട്ടിയെ കണ്ടത്. പ്രവേശന അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനിടെ അഡ്‌മിഷൻ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി പെൺകുട്ടിയുടെ ഫോൺ നമ്പർ വാങ്ങിയത്.

നമ്പർ കൈക്കലാക്കിയ തികതെ പിന്നീട് യുവതിയെ വിളിക്കുന്നത് പതിവാക്കി. പിന്നീട് എപ്പോൾ വിളിച്ചാലും അടിവസ്‌ത്രങ്ങളുടെ നിറം ഇയാൾ ചോദിക്കുമായിരുന്നുവെന്ന് യുവതി പരാതിയിൽ പറഞ്ഞു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇയാൾ ശല്യം ചെയ്യുന്നത് തുടർന്നുകൊണ്ടിരുന്നു. 

ഈയിടെ ബ്യൂട്ടീഷൻ കോഴ്‌സിനുള്ള പ്രവേശന പരീക്ഷയ്ക്ക് ഹാജരാകാൻ പോയപ്പോഴും പ്രതി യുവതിയെ വിളിച്ച് ഇതേ ചോദ്യം ആവർത്തിച്ചതായാണ് പരാതി. ഇതോടെയാണ് പൊലീസിനെ സമീപിക്കാൻ യുവതി തീരുമാനിച്ചത്.  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509ാം വകുപ്പ് പ്രകാരം തികതെയ്ക്ക് എതിരെ കേസെടുത്തു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.