മോഷണത്തിലേക്ക് നയിച്ചത് കൊവിഡ് പ്രതിസന്ധി ഉണ്ടാക്കിയ സാമ്പത്തിക പ്രയാസങ്ങളെന്ന് പൊലീസ്

മുംബൈ: താമസിച്ച വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ മോഷ്ടിച്ച രണ്ട് ടിവി സീരിയല്‍ നടിമാര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. സവദാന്‍ ഇന്ത്യ, ക്രൈം പെട്രോള്‍ തുടങ്ങിയ ക്രൈം സംബന്ധിയായ ഷോകളില്‍ അഭിനയിക്കുന്ന നടിമാരായ സുരഭി ശ്രീവാസ്തവ (25), മോനീഷ ഷേക്ക് (19) എന്നിവരാണ് പൊലീസ് പിടിയിലായത്. 

ഇവര്‍ പെയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ ലോക്കറില്‍ നിന്നും 3.28 ലക്ഷം രൂപ ഇവര്‍ മോഷ്ടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. വടക്ക് പടിഞ്ഞാറന്‍ മുംബൈയിലെ അഡംബര പാര്‍പ്പിട സമുച്ചയമായ ആര്‍ലീ കോളനിയിലെ റോയല്‍ പാംസിലാണ് സംഭവം നടന്നത്. ഇവരുടെ തന്നെ ഒരു സുഹൃത്തിന്‍റെതാണ് ഇവര്‍ താമസിച്ച അപ്പാര്‍ട്ട്മെന്‍റ്. ഇവിടെ നിന്നും പണം മോഷ്ടിച്ച ശേഷം ഒരാള്‍ അവിടെ തന്നെ സംശയം തോന്നാതിരിക്കാന്‍ തുടര്‍ന്നു.

എന്നാല്‍ പണം നഷ്ടപ്പെട്ടതിന് പിന്നാലെ വീട്ടുടമ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി വിശദമായി പരിശോധിച്ചപ്പോഴാണ് പെയിംഗ് ഗസ്റ്റായി താമസിച്ച യുവതികള്‍ തന്നെ സംശയസ്പദമായ സാഹചര്യത്തില്‍ കണ്ടത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പണം മോഷ്ടിച്ച കാര്യം ഇവര്‍ സമ്മതിച്ചു.

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് പ്രതിസന്ധിയില്‍ സീരിയല്‍ മേഖല സ്തംഭനാവസ്ഥയില്‍ ആയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് യുവതികള്‍ മോഷണത്തിന് ഇറങ്ങിയത് എന്നാണ് പറയുന്നത്.