മലപ്പുറം: പാർട്ടി വിട്ട വിരോധത്തിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകൻ മലപ്പുറം തിരൂരിൽ പിടിയിലായി. തിരൂർ കാത്തിരക്കുറ്റി സ്വദേശി തുഫൈൽ അറസ്റ്റിലായത്. തിരൂർ സ്വദേശി കുഞ്ഞുമോൻ വധശ്രമ കേസിലാണ് അറസ്റ്റ്.

ഇയാൾ ആലത്തിയൂരിലെ ആർഎസ്എസ് പ്രവർത്തകനായിരുന്ന വിപിൻ വധക്കേസിലെ ഏഴാം പ്രതി കൂടിയാണ്. എസ്ഡിപിഐയുടെ സജീവ പ്രവർത്തകനായ കുഞ്ഞുമോൻ അടുത്ത കാലത്തായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. 

ഇയാൾ പാർട്ടി വിടുകയാണെന്നറിഞ്ഞ് തുഫൈലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ എസ്ഡിപിഐ സംഘം കുഞ്ഞുമോനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം.

മറ്റു കേസുകളിൽ ഉൾപ്പെടരുതെന്ന ഉപാധികളോടെയാണ് വിപിൻ വധകേസിൽ തുഫൈലിന് കോടതി ജാമ്യം നൽകിയിരുന്നത്. വീണ്ടും ആക്രമണ കേസിൽ ഉൾപ്പെട്ടതോടെ വിപിൻ വധക്കേസിലെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു